‘9400കോടിയുടെ ധനസഹായം ബ്രിട്ടണ്‍ ഇന്ത്യയ്‌‌‌‌ക്ക് നല്‍കി, എന്നിട്ട് 3000കോടിയുടെ പ്രതിമ നിര്‍മിച്ച് ധൂര്‍ത്തടിക്കുന്നു’

105

3000 കോടിയോളം രൂപയ്‌‌‌ക്ക് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ നിര്‍മിച്ച ഇന്ത്യയെ വിമര്‍ശിച്ച് ബ്രിട്ടീഷ് എംപി പീറ്റര്‍ ബോണ്‍. ഒരു ബില്യണ്‍ പൗണ്ടിലേറെ തുക (ഏകദേശം 9400 കോടിരൂപ)യാണ് ബ്രിട്ടണ്‍ 2012 മുതലുള്ള വിവിധ ഘട്ടങ്ങളിലായി ഇന്ത്യക്ക് സഹായമായി നല്‍കിയത്. എന്നാല്‍ 3000 കോടി രൂപ ചെലവഴിച്ച് ഒരു പ്രതിമ നിര്‍മിക്കാന്‍ ശേഷിയുള്ള രാജ്യത്തിന് ഇനി ധനസഹായം നല്‍കേണ്ടതില്ലെന്ന് പീറ്റര്‍ ബോണ്‍ പറഞ്ഞതായി ‘ഡെയ്‌ലി മെയില്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഇന്ത്യ എങ്ങനെ പണം ചെലവഴിക്കുന്നു എന്നത് അവരുടെ കാര്യം.എന്നാല്‍ ഒരു ബില്യണ്‍ പൗണ്ട് ഇവിടെ നിന്നും ധനസഹായം വാങ്ങിയ രാജ്യം 330 മില്യണ്‍ പൗണ്ട് ഉപയോഗിച്ച് പ്രതിമ നിര്‍മിക്കുകയാണ്. ഇത് അസംബന്ധമാണ്, ധൂര്‍ത്താണ്. ബ്രിട്ടണേക്കാള്‍ ശതകോടീശ്വരന്മാരുള്ള രാജ്യമാണ് ഇന്ത്യ.’ ബോണ്‍ തുറന്നടിച്ചു.

സ്ത്രീ ശാക്തീകരണ പരിപാടികള്‍ക്കും സൗരോര്‍ജ്ജ പദ്ധതികള്‍ക്കും കാര്‍ബണ്‍ നിയന്ത്രണത്തിനുമെല്ലാമായാണ് ഇന്ത്യക്ക് ബ്രിട്ടന്‍ പണം നല്‍കിയത്. 2012ല്‍ 300 മില്യണ്‍ പൗണ്ട് (2839 കോടി രൂപ), 2013ല്‍ 268 മില്യണ്‍ പൗണ്ട് (2536 കോടി രൂപ), 2014ല്‍ 278 മില്യണ്‍ പൗണ്ട് (2631 കോടി രൂപ), 2015ല്‍ 185 മില്യണ്‍ പൗണ്ട് (1751 കോടി രൂപ) എന്നിങ്ങനെയും പിന്നീട് ചെറിയ രീതിയിലുള്ള സാമ്പത്തിക സഹായങ്ങളും ഇന്ത്യക്ക് ബ്രിട്ടണ്‍ നല്‍കിയിട്ടുണ്ടെന്ന് പീറ്റര്‍ ബോണ്‍ അവകാശപ്പെട്ടു.

ഇന്ത്യക്ക് പരമ്പരാഗതമായി ബ്രിട്ടണ്‍ നല്‍കിവന്നിരുന്ന ധനസഹായം 2015ല്‍ നിര്‍ത്തലാക്കിയിരുന്നെങ്കിലും സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പദ്ധതികള്‍ നടപ്പാക്കാനും ഇപ്പോഴും സാമ്പത്തിക സഹായം നല്‍കിവരുന്നുണ്ടെന്ന് ‘ഡെയ്‌ലി മെയില്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.