58 കിലോമീറ്റര്‍ മൈലേജില്‍ മിസ്തുബിഷി ഔട്ട്‌ലാന്‍ഡര്‍ PHEV ഇന്ത്യയിലേക്ക്?

ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം വഴി 30 മിനിറ്റിനുള്ളില്‍ ബാറ്ററിയില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാം.

169

സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ ഫോര്‍ഡ് എന്‍ഡവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിവയെ നേരിടാന്‍ മിസ്തുബിഷി ഔട്ട്‌ലാന്‍ഡറിനെ ഉടന്‍ ഇന്ത്യയിലെത്തിക്കാനിരിക്കുകയാണ്. ഇതിനോടകം പുതിയ ഔട്ട്‌ലാന്‍ഡര്‍ രാജ്യത്തെ വിവിധ ഡീലര്‍ഷിപ്പുകളിലെത്തി കഴിഞ്ഞു. ഇതിന് പിന്നാലെ ഔട്ട്‌ലാന്‍ഡറിന്റെ പ്ലഗ് ഇന്‍ ഹൈബ്രിഡ് പതിപ്പും ഇന്ത്യയിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ജപ്പാനില്‍ നിന്ന് പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന രൂപത്തിലാണ് ഔട്ട്‌ലാന്‍ഡര്‍ PHEV ഇങ്ങോട്ടെത്തുക. അതിനാല്‍ തന്നെ വിലയും ഉയരും. ഏകദേശം 35 ലക്ഷത്തിന് മുകളില്‍ പ്രതീക്ഷിക്കാം.

118 എച്ച്പി പവറും 186 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും 82 എച്ച്പി വീതം പവര്‍ നല്‍കുന്ന ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുമാണ് ഔട്ട്‌ലാന്‍ഡര്‍ പ്ലഗ് ഇന്‍ ഹൈബ്രിഡിനെ മുന്നോട്ടു നയിക്കുക. ഇവരണ്ടും കൂടി ചേര്‍ന്ന് 203 എച്ച്പി പവറാണ് വാഹനത്തിന് നല്‍കുന്നത്. 12kW ലിഥിയം അയോണ്‍ ബാറ്ററിയാണ് ഇലക്ട്രിക് മോട്ടോറിന് ആവശ്യമായുള്ള ഊര്‍ജം നല്‍കുക. ആറു മുതല്‍ ആറര മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം വഴി വെറും 30 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാം.

58 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഇലക്ട്രിക് പവറില്‍ മാത്രം 50 കിലോമീറ്റര്‍ പിന്നിടാം. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയും ഇലക്ട്രിക് മോഡില്‍ ലഭിക്കും. രൂപത്തില്‍ റഗുലര്‍ ഔട്ട്‌ലാന്‍ഡറില്‍ നിന്ന് വലിയ മാറ്റങ്ങള്‍ പ്ലഗ് ഇന്‍ ഹൈബ്രിഡിനില്ല. റഗുലര്‍ മോഡല്‍ 7 സീറ്ററായിരുന്നെങ്കില്‍ പ്ലഗ് ഇന്‍ ഹൈബ്രിഡ് 5 സീറ്ററായിരിക്കും. റഗുലറിനെക്കാള്‍ 260 കിലോഗ്രാം ഭാരവും പ്ലഗ് ഇന്‍ ഹൈബ്രിഡിന് കൂടും.

ഓള്‍ ഇലക്ട്രിക്, സീരീസ് ഹൈബ്രിഡ്, പാരല്‍ ഹൈബ്രിഡ് എന്നീ മൂന്നു ഡ്രൈവിങ് മോഡുകളുണ്ട് ഔട്ട്‌ലാന്‍ഡറിന്. പൂര്‍ണമായും ഇലക്ട്രിക് മോട്ടോറുകളെ ആശ്രയിച്ചാണ് ഓള്‍ ഇലക്ട്രിക് മോഡ്. സീരീസ് ഹൈബ്രിഡും ഇലക്ട്രിക് മോട്ടോറിന്റെ പിന്‍ബലത്തിലാണ് പ്രവര്‍ത്തിക്കുക, എന്‍ജിനിന്റെ സഹായത്താല്‍ ബാറ്ററി തുടര്‍ച്ചയായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. പാരല്‍ മോഡില്‍ പെട്രോള്‍ എന്‍ജിനിലാണ് പ്രവര്‍ത്തനം, എന്‍ജിന് വൈദ്യുത മോട്ടോര്‍ സഹായമെത്തിക്കുകയും ചെയ്യും. 7 എയര്‍ബാഗ്, ഇബിഡി, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, ആക്ടീവ് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങീ റഗുലര്‍ ഔട്ട്‌ലാന്‍ഡറിലെ എല്ലാ സുരക്ഷാ സന്നാഹങ്ങളും പ്ലഗ് ഇന്‍ ഹൈബ്രിഡിലും നല്‍കും.