15 ദിവസത്തിനു ശേഷം കൊച്ചിയില്‍ ആദ്യവിമാനമിറങ്ങി

134

പ്രളയത്തെ തുടര്‍ന്ന് 15 ദിവസമായി അടച്ചിട്ടിരുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍(സിയാല്‍) സര്‍വീസ് ആരംഭിച്ചു.
അഹമ്മദാബാദില്‍ നിന്നെത്തിയ ഇന്‍ഡിഗോ (6E667) വിമാനമാണ് ആദ്യം ലാന്‍ഡ് ചെയ്തത്. ആദ്യം പറന്നുയരുന്നതും (3.25) ഈ വിമാനം തന്നെയാണ്. ഇന്ന് (ബുധന്‍) 33 വിമാനങ്ങള്‍ കൊച്ചിയില്‍ ഇറക്കും. 30 എണ്ണം പുറപ്പെടും.
4.30ന് ലാന്‍ഡ് ചെയ്യുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കറ്റില്‍ നിന്നുള്ള വിമാനമാണ് ആദ്യമായെത്തുന്ന രാജ്യാന്തര സര്‍വീസ്. ജെറ്റ് എയര്‍വേയ്‌സിന്റെ മസ്‌കറ്റില്‍നിന്നുള്ള വിമാനങ്ങളും ഇന്‍ഡിഗോയുടെ ദോഹ, ജെറ്റ് എയര്‍വേയ്‌സിന്റെ ദുബായ്, ഗോ എയറിന്റെ ഷാര്‍ജ, ഇത്തിഹാദിന്റെ അബുദാബി, എയര്‍ ഏഷ്യയുടെ ക്വാലലംപുര്‍ വിമാനങ്ങളും കൊച്ചിയിലെത്തി മടങ്ങു. ബാക്കിയുള്ള വിമാനങ്ങളെല്ലാം ആഭ്യന്തര സര്‍വീസുകളാണ്.വെള്ളം ഇറങ്ങിയതോടെ 20 മുതല്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തകര്‍ന്ന ചുറ്റുമതില്‍ താല്‍ക്കാലികമായി പുനര്‍നിര്‍മിച്ചു. കേടുപറ്റിയ നാലു കണ്‍വെയര്‍ ബെല്‍റ്റുകള്‍, 22 എക്‌സ്‌റേ മെഷീനുകള്‍, വൈദ്യുതി വിതരണ സംവിധാനം, ജനറേറ്ററുകള്‍, എണ്ണൂറോളം റണ്‍വേ ലൈറ്റുകള്‍ എന്നിവയെല്ലാം പൂര്‍വസ്ഥിതിയിലാക്കി. തകര്‍ന്ന സൗരോര്‍ജ പ്ലാന്റുകളില്‍ പകുതിയോളം പ്രവര്‍ത്തനക്ഷമമാക്കി. ചെളിക്കെട്ടുണ്ടായ 30 ലക്ഷം ചതുരശ്ര അടി ഭാഗം വൃത്തിയാക്കി.