ഹാര്‍ലി സ്വപ്‌നത്തില്‍ മാത്രം ഒതുക്കേണ്ട; യൂസ്ഡ് ബൈക്കുമായി ഹാര്‍ലി വരുന്നു

അധിക വില നല്‍കി ഹാര്‍ലി ബൈക്കുകള്‍ സ്വന്തമാക്കാന്‍ സാധിക്കാത്തവര്‍ക്കായി കുറഞ്ഞ വിലയില്‍ ബൈക്ക് ലഭ്യമാക്കുന്നത് വഴി കൂടുതല്‍ വിപണി പിടിക്കാനാകുമെന്നാണ് ഹാര്‍ലിയുടെ പ്രതീക്ഷ

162

യുവാക്കളില്‍ നിരത്തിലെ തമ്പുരാക്കന്‍മാരായ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെ കാണില്ല. ഹാര്‍ലിയുടെ തൊട്ടാല്‍പൊള്ളുന്ന വില അവരുടെയെല്ലാം സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാകാറാണ് പതിവ്. എന്നാല്‍ കൊക്കിലൊതുങ്ങാത്ത വിലയാണ് എന്ന കാരണത്താല്‍ ഇനി ആരും ഹാര്‍ലി സ്വപ്‌നത്തില്‍ മാത്രം ഒതുക്കേണ്ടി വരില്ല. കുറഞ്ഞ വിലയില്‍ ഹാര്‍ലി ലഭ്യമാക്കാന്‍ യൂസ്ഡ് ബൈക്ക് ബിസിനസ് എന്ന പുതിയ സംരംഭം ഇന്ത്യയില്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുകയാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍.

രാജ്യത്തെ ചില ഡീലര്‍ഷിപ്പുകളില്‍ യൂസ്ഡ് ബൈക്ക് മാതൃക പരീക്ഷിച്ചു വരുകയാണെന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍ മാനേജിങ് ഡയറക്ടര്‍ പീറ്റര്‍ മാക്കെന്‍സി വ്യക്തമാക്കി. രാജ്യത്തെ 27 ഡീലര്‍ഷിപ്പുകളിലും വൈകാതെ യൂസ്ഡ് ബൈക്കുകള്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അധിക വില നല്‍കി ഹാര്‍ലി ബൈക്കുകള്‍ സ്വന്തമാക്കാന്‍ സാധിക്കാത്തവര്‍ക്കായി കുറഞ്ഞ വിലയില്‍ ബൈക്ക് ലഭ്യമാക്കുന്നത് വഴി കൂടുതല്‍ വിപണി പിടിക്കാനാകുമെന്നാണ് ഹാര്‍ലിയുടെ പ്രതീക്ഷ. നിലവില്‍ 5.25 ലക്ഷം മുതല്‍ 49 ലക്ഷം രൂപ വരെയാണ് ഹാര്‍ലി ബൈക്കുകളുടെ എക്‌സ്‌ഷോറൂം വില.