ഹനാനെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച നൂറുദ്ദീന്‍ ഷെയ്ഖ് പൊലീസ് പിടിയില്‍

238

ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച നൂറുദ്ദീന്‍ ഷെയ്ഖ് പൊലീസ് പിടിയിലായി . കൊച്ചിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. സംഭവത്തില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. വയനാട് സ്വദേശിയാണ് പിടിയിലായ നൂറുദ്ദീന്‍ ഷെയ്ഖ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

തമ്മനത്ത് യൂണിഫോമിട്ട് മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടി അവകാശപ്പെടുന്നതെല്ലാം വ്യാജമാണെന്നാണ് നൂറുദ്ദീന്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ അഭിപ്രായപ്പെട്ടത്. ഹനാന്റെ കഥ തട്ടിപ്പാണെന്നും സിനിമാ പ്രൊമോഷന് വേണ്ടിയുള്ള നാടകമാണെന്നും ഇയാള്‍ ആരോപിച്ചു.

നൂറുദ്ദീന്‍ ഷെയ്ഖിന്റെ ഫെയ്‌സ്ബുക്ക് ലൈവ് വ്യാപകമായി പ്രചരിച്ചതോടെയാണ് ഹനാന്‍ തെറ്റ് കാരിയാണെന്നും വ്യാജ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും എല്ലാവരും വിശ്വസിച്ചത്. ഇതോടെ നിരവധിപ്പേര്‍ ഹനാനെതിരെ പ്രതിഷേധവുമായി സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. ഹനാനെ സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ച്‌ ആളുകള്‍ക്കെതിരെ നടപടി ഉണ്ടാകും. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

ഹനാനെ അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്ന് മുഖ്യമന്ത്രി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തത്. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷനും സ്വമേധയാ കേസ് എടുത്തിരുന്നു.