സൗദി പൈതൃകോത്സവത്തിന് ഇന്ന് കൊടിയേറ്റം : ഇനി ജനദ്രിയ നാളുകൾ

ഷിബു ഉസ്മാൻ ,റിയാദ്

121

റിയാദ്: മുപ്പത്തി മൂന്നാമത് ദേശീയ സാംസ്കാരിക പൈതൃകോത്സവമായ ജനാദ്രിയ ഫെസ്റ്റിന് ഇന്ന് കൊടിയേറും. ഇന്തോനേഷ്യയെയാണ് ഇത്തവണത്തെ അതിഥി രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് . ഇന്തോനേഷ്യക്ക് പ്രത്യേക പവലിയൻ അനുവദിക്കും .
സൗദിയിലെ പൈതൃക കലാ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ പരിശ്ചേദമായിരിക്കും ഫെസ്റ്റ് .
സൗദി അറേബ്യയുടെ പൈതൃകവും സംസ്കാരവും ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുള്ള
ഉത്സവത്തിൽ പങ്കാളികളാകാൻ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ നിന്നും സ്വദേശികളും വിദേശികളും കുടുംബത്തോടെയെത്തും .ഉത്സവ നഗരിയിൽ ഇന്തോനേഷ്യയുടെ തനത് കലാ രൂപങ്ങളും ഭക്ഷണ സംസ്കാരവും വാണിജ്യ-വിനോദ സഞ്ചാര നിക്ഷേപ സാധ്യതകളും പരിചയപ്പെടുത്താൻ ഉത്സവം വേദിയാകും.
ഇന്ത്യയായിരുന്നു കഴിഞ്ഞ വർഷത്തെ അതിഥി രാജ്യം. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജുൾപ്പെടെ ഉന്നതതല സംഘം കഴിഞ്ഞ വർഷം മേളക്കെത്തിയിരുന്നു. പരമ്പരാഗത അറേബ്യൻ ചന്തകൾ, കരവിരുതുകളുടെ പ്രദർശനം, കവിയരങ്ങുകൾ, നാടൻ പാട്ടുകൾ, പരമ്പരാഗത നൃത്തങ്ങൾ, കൃഷിയിടങ്ങളുടെ പുനർ നിർമ്മിതി തുടങ്ങിയവയാണ് മേളയുടെ പ്രധാന ആകർഷണം.
ഡിസംബർ 20 ന് വ്യാഴാഴ്ച ആരംഭിക്കുന്ന ഉത്സവത്തിന് ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. പൊലീസിന്റെയും നാഷണൽ ഗാർഡിന്റെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും കനത്ത സുരക്ഷാ വലയത്തിലാണ് ഉത്സവം പുരോഗമിക്കുക.