സൗദിയെ തള്ളി എര്‍ദോഗന്‍: ഖഷോഗ്ജിയുടെ കൊല മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് തന്നെയെന്ന് എര്‍ദോഗന്‍

79

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം സൗദി കോണ്‍സുലേറ്റിനുള്ളില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അവിചാരിതമായി നടന്നതെന്ന സൗദി രാജകുടുംബത്തിന്റെ അവകാശവാദം തള്ളി തുര്‍ക്കി പ്രസിഡന്റ് രജപ് ത്വയ്യിബ് എര്‍ദോഗന്‍. ഖഷോഗ്ജിയെ കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നാണ് എര്‍ദോഗന്‍ പറഞ്ഞത്.

അങ്കാറയില്‍ തുര്‍ക്കി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്കു മുമ്പു തന്നെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നെന്നാണ് എര്‍ദോഗന്‍ പറഞ്ഞത്.

‘കൊലപാതകം നടന്നുവെന്ന കാര്യം സൗദി അധികൃതര്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇനി കുറ്റകൃത്യത്തില്‍ ആരൊക്കെ പങ്കാളികളായി എന്നതാണ് ഞങ്ങള്‍ക്ക് അറിയേണ്ടത്. താഴെ മുതല്‍ മുകളില്‍ വരെയുള്ളവര്‍ ആരെന്നറിയണം.’ എര്‍ദോഗന്‍ പറഞ്ഞു.

ഇത് എല്ലാവരുടേയും മനസില്‍ ഉയരുന്ന ചോദ്യമാണ്. കുറ്റകൃത്യം നടന്ന അതേദിവസം എന്തിനാണ് ഈ പതിനഞ്ചുപേര്‍ ഇസ്താംബുളിലെത്തിയത്. ആരു നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണത്.? ഞങ്ങള്‍ക്കത് അറിയണം’ അദ്ദേഹം പറഞ്ഞു.

ഖഷോഗ്ജി ഒക്ടോബര്‍ രണ്ട് ചൊവ്വാഴ്ച കോണ്‍സുലേറ്റില്‍ എത്തുമെന്ന കാര്യം ഈ സംഘത്തിന് അറിയാമായിരുന്നു. വെള്ളിയാഴ്ച കോണ്‍സുലേറ്റിലെത്തിയ ഖഷോഗ്ജിയെ ചൊവ്വാഴ്ച വരാന്‍ പറഞ്ഞ് തിരിച്ചയക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെ അദ്ദേഹം ചൊവ്വാഴ്ച ഉച്ചയോടെ കോണ്‍സുലേറ്റിനുള്ളിലെത്തുമെന്ന കാര്യം സൗദി അധികൃതര്‍ക്ക് വ്യക്തമായി അറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ രണ്ടിന് കോണ്‍സുലേറ്റിനുള്ളിലെത്തിയ ഖഷോഗ്ജി സൗദി കോണ്‍സുലേറ്റില്‍ നിന്നും സുരക്ഷിതമായി തിരിച്ചുപോന്നുവെന്നായിരുന്നു സൗദി നേരത്തെ അവകാശപ്പെട്ടത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞദിവസമാണ് ഖഷോഗ്ജി കൊല്ലപ്പെട്ടെന്ന് സൗദി ഔദ്യോഗികമായി സ്ഥിരീകരിച്ചത്.