സൗദിയിൽ സാമ്പത്തിക കേസുകളില്‍ പിടിയിലായവരെ മോചിപ്പിച്ച് സൽമാൻ രാജാവ്

127

സൌദിയിലെ വിവിധ പ്രവിശ്യകളില്‍ സന്ദര്‍ശനം നടത്തുന്ന സല്‍മാന്‍ രാജാവ് സാമ്പത്തിക കേസുകളില്‍ പിടിയിലായവരെ മോചിപ്പിച്ചു. പത്ത് ലക്ഷം റിയാലിന് താഴെ ബാധ്യതയുള്ളവരുടെ ഇടപാടുകള്‍ ഭരണകൂടം ഏറ്റെടുത്തു. ഹാഇലില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി രാജാവ് റിയാദിലേക്ക് മടങ്ങി.

അധികാരമേറ്റ ശേഷമുള്ള സുപ്രധാന സന്ദര്‍ശനത്തിലാണ് സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ്. മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും കൂടെയുണ്ട്. ആദ്യ ദിനം ഖസീം പ്രവിശ്യയിലായിരുന്നു രാജാവിന്റെ സന്ദര്‍ശനം. ഇവിടെ കോടിക്കണക്കിന് റിയാലിന്റെ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ പ്രഖ്യാപിച്ചു. ഇന്ന് ഹാഇലില്‍ എത്തിയ രാജാവ് ഇവിടെയും വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ പ്രവിശ്യകളെ വികസന പരിവര്‍ത്തനത്തിന് വിധേയമാക്കുകയാണ് ഭരണകൂടം. വന്‍ സ്വീകരണമാണ് ഓരോ പ്രവിശ്യയിലും. ഇതിനിടയിലാണ് വിവിധ തടവുകാര്‍ക്ക് മാപ്പ് നല്‍കി വിട്ടയക്കുന്നത്. പത്ത് ലക്ഷം റിയാല്‍ വരെയുള്ള കേസുകളില്‍ അകത്തായവര്‍ക്കാണ് മോചനം. വിട്ടയക്കുന്നവരില്‍ തിരിച്ചടക്കാന്‍ ശേഷിയില്ലാത്തവരുടെ കടം സര്‍ക്കാര്‍ തന്നെ വീട്ടും.