സ്വവര്‍ഗ രതി നിയമ വിധേയമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി: സുപ്രിംകോടതി ഭരണഘടന ബഞ്ചിന് മുമ്പാകെ വാദം ഇന്ന്

44

സ്വവര്‍ഗ രതി നിയമ വിധേയമാക്കണമെന്നാവശ്യപെട്ടുള്ള ഹര്‍ജികളില്‍ സുപ്രിംകോടതി ഭരണഘടന ബഞ്ചിന് മുമ്പാകെ ഇന്ന് വാദം തുടങ്ങും. നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണ്ടതിനാല്‍ വാദം കേള്‍ക്കല്‍ നീട്ടണമെന്ന കേന്ദ്രസര്‍ക്കാറിന്റെ ആവശ്യം സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയാണ് വനിത അംഗം.

സ്വവര്‍ഗ്ഗ രതി കുറ്റകരമാക്കിയ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377ാം വകുപ്പിന്റെ ഭരണഘടന സാധുതയാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്നത്. നാസ് ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയില്‍ 2009 ല്‍ ഡല്‍ഹി ഹൈക്കോടതിയാണ് പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ രതി നിയമ വിധേയമാക്കിയത്. 377 ാം വകുപ്പ് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവ് 2013 ല്‍ സുപ്രീംകോടതി റദ്ദാക്കി. ഈ ഉത്തരവിനെതിരെ നല്‍കിയ പുനപരിശോധന ഹര്‍ജികളാണ് ഭരണഘടന ബഞ്ച് പരിഗണിക്കുന്നത്.

സ്വകാര്യത മൗലിക അവകാശമാക്കിയ 9 അംഗ ഭരണഘടന ബഞ്ച് വിധി അടിസ്ഥാനമാക്കിയാണ് ഹര്‍ജിക്കാരുടെ വാദങ്ങള്‍. ലൈംഗികത വ്യക്തികളുടെ സ്വകാര്യ സ്വാതന്ത്ര്യവും മൗലിക അവകാശവുമാണെന്ന് ഉത്തരവില്‍ കോടതി പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ്മാരായ ഡിവൈ ചന്ദ്രചൂഡ്, എഎം ഖാന്‍വില്‍ക്കര്‍, റോഹിങ്ടണ്‍ നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബഞ്ചിലെ അംഗങ്ങള്‍.

സ്ത്രീയും പുരുഷനും തമ്മില്‍ അല്ലാതെ ഉഭയ സമ്മതത്തോടെ നടക്കുന്ന മുഴുവന്‍ ലൈംഗിക ബന്ധങ്ങളും ക്രിമിനല്‍ കുറ്റമാണെന്നാണ് 377ാം വകുപ്പ് പറയുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയത്തിലെടുക്കുന്ന നിലപാട് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാറിന് രാഷ്ട്രീയപരമായി നിര്‍ണ്ണായകമാണ്. അത് കൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ അറിയിക്കുന്ന നിലപാട് ശ്രദ്ധേയമാകും.