സോയ ചങ്ക്‌സ് കൊണ്ട് കിടിലന്‍ പെരളന്‍ ഉണ്ടാക്കാം

വെജിറ്റേറിയന്‍സിന്റെ പ്രിയപ്പെട്ട വിഭവം വ്യത്യസ്ഥമായ രുചിയില്‍

133

സോയ ചങ്ക്‌സ് ഉപയോഗിച്ച് വളരെ വേഗത്തില്‍ തയ്യാറാക്കാവുന്ന വ്യത്യസ്ഥമായൊരു വിഭവം

ചേരുവകള്‍:

1. സോയ ചങ്ക്സ് -100 ഗ്രാം
2. മുളകുപൊടി -1.5 ടീസ്പൂണ്‍
3. കുരുമുളകുപൊടി -1 ടീസ്പൂണ്‍
4. ഇഞ്ചി -ഒരു ചെറിയ കഷ്ണം
5. വെളുത്തുള്ളി -1 ടീസ്പൂണ്‍
6. മല്ലിപ്പൊടി -2 ടീസ്പൂണ്‍
7. മഞ്ഞള്‍പ്പൊടി -ഒന്നര ടീസ്പൂണ്‍
8. ഗരം മസാല -ഒന്നര ടീസ്പൂണ്‍
9. സവാള (ഇടത്തരം ) -രണ്ടെണ്ണം
10. തക്കാളി -ഒരെണ്ണം
11. മല്ലിയില -1 പിടി
12. കറിവേപ്പില -2 കതിര്‍പ്പ്
13. ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

സോയ ചങ്ക്‌സ് ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് ആവശ്യമായ ചൂടുവെള്ളം ഒഴിച്ച് 20 മിനിറ്റ് നേരത്തേക്ക് കുതിര്‍ത്തുവയ്ക്കുക. നല്ലപോലെ കുതിര്‍ന്ന ശേഷം സോയയിലെ വെള്ളം പിഴിഞ്ഞുകളയുക. ശേഷം മഞ്ഞള്‍പൊടി, കുരുമുളകുപൊടി, മുളകുപൊടി, ഗരം മസാല, ഇഞ്ചി വെളുത്തുള്ളി എന്നിവ ചതച്ചതും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് 10 മിനിറ്റ് നേരത്തേക്ക് മാരിനെറ്റ് ചെയ്ത് വയ്ക്കുക.

ഒരു പാനില്‍ ആവശ്യത്തിന് ഓയില്‍ ഒഴിച്ച് സവാള, കറിവേപ്പില, ഉപ്പ്, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാല, തക്കാളി ഇവയെല്ലാം ചേര്‍ത്ത് നല്ലപോലെ വഴറ്റിയെടുക്കുക. ശേഷം മാരിനേറ്റ് ചെയ്ത് വെച്ച സോയ ഒരു ചെറിയ പാനില്‍ ഫ്രൈ ചെയ്തെടുത്ത് വഴറ്റിവെച്ച മസാലയില്‍ ചേര്‍ത്ത് മിക്സ് ചെയ്തെടുക്കുക. ശേഷം മല്ലിയിലയും സവാളയും ചെറുതായി അരിഞ്ഞ് ഗാര്‍ണിഷ് ചെയ്ത ശേഷം സെര്‍വ് ചെയ്യാവുന്നതാണ്.