സോഫ്റ്റ് വെയര്‍ തകരാറ്; എയര്‍ ഇന്ത്യയുടെ 23 വിമാനങ്ങള്‍ വൈകി

236

സോഫ്റ്റ് വെയര്‍ തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ 23 വിമാനങ്ങള്‍ വൈകി. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളെയാണ് പ്രധാനമായും സാങ്കേതിക തകരാറ് ബാധിച്ചത്. സോഫ്റ്റ് വെയര്‍ തകരാറിനെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകിയതായി എയര്‍ ഇന്ത്യ വക്താവ് സ്ഥിരീകരിച്ചു.

സോഫ്റ്റ് വെയര്‍ തകരാര്‍ വിമാനങ്ങളുടെ ഡിപ്പാര്‍ച്ചര്‍ ഷെഡ്യുളിനെയാണ് ബാധിച്ചത്. തകരാറിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ടര വരെയുള്ള സര്‍വീസുകളാണ് തടസപ്പെട്ടത്. ഇതേതുടര്‍ന്ന് ചെക്ക് ഇന്‍ അടക്കമുള്ള കാര്യങ്ങള്‍ മാന്വവലായാണ് ചെയ്തത്. ആഗോള എയര്‍ലൈന്‍ ഐടി സര്‍വീസായ സിറ്റയാണ് എയര്‍ ഇന്ത്യയുടെ സോഫ്റ്റ് വെയര്‍ കൈകാര്യം ചെയ്യുന്നത്.