‘സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിന് ഒരു പുതുമയും ഇല്ല’; ശബരിമലയില്‍ നിന്നുളള ബിജെപിയുടെ സമരവേദി മാറ്റത്തെ കളിയാക്കി മുഖ്യമന്ത്രി

66

ശബരിമലയില്‍ നിന്നും ബിജെപി സമരവേദി മാറ്റിയതിനെ കളിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ നിന്നും ബിജെപി സമരം മാറ്റിയത് നല്ലതാണ്. സെക്രട്ടേറിയറ്റിന് മുന്നിലുളള സമരത്തിന് പുതുമയില്ല, സമരം ചെയ്യുന്നതില്‍ തെറ്റുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ഒടുവിലാണ് മുഖ്യമന്ത്രി ബിജെപി ശബരിമലയില്‍ നിന്നും സമരവേദി മാറ്റുന്നതിനെ കളിയാക്കിയത്.

ശബരിമലയില്‍ സര്‍ക്കാര്‍ നിലപാടുകള്‍ സ്വീകരിക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുളളത്. ബിജെപിക്ക് അവരുടെ സമരത്തില്‍ മാറ്റം ഉണ്ടായെങ്കില്‍ നല്ലതാണ്. കാരണം കേരളത്തിന്റെ മതനിരപേക്ഷ മനസ് ഇതൊന്നും അംഗീകരിക്കുന്നില്ലെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടുവെന്നാണ് ഇതിനെ കാണേണ്ടത്. അവര്‍ ആദ്യം ധരിച്ചത് ഇതുമായി ബന്ധപ്പെട്ട് വലിയ അത്ഭുതങ്ങള്‍ കേരളത്തില്‍ സൃഷ്ടിച്ചുകളയാമെന്ന് ആയിരുന്നു. എന്നാല്‍ കേരളത്തിന്റെ മതനിരപേക്ഷ മനസിന്റെ ദൃഡതയെ ഉലയ്ക്കാന്‍ കഴിഞ്ഞില്ല.

സെക്രട്ടറിയേറ്റിന്റെ മുന്‍പിലേക്ക് സമരം വരുന്നു എന്നാണ് ഇപ്പോള്‍ പറയുന്നത്. അവിടെ സാധാരണ ഒരുപാട് സമരങ്ങള്‍ വരുന്നതാണ്. അതിലൊരു പുതുമയും ഇല്ലാ. ഉപവാസം കിടക്കുമെന്ന് അടക്കം പ്രഖ്യാപിക്കുന്നതായി കാണുന്നുണ്ട്. അതിലൊന്നും സാധാരണ ഗതിയില്‍ ഒരു തെറ്റും പറയാനില്ല. പക്ഷേ ഉന്നയിച്ച ആവശ്യങ്ങളില്‍ ചിലത് ഉന്നയിക്കാന്‍ പറ്റുന്നതാണോ എന്ന് അവര്‍ തന്നെ ആലോചിക്കേണ്ടതാണ്. നിയമവാഴ്ചയുളള സ്ഥലത്ത് നിയമവിരുദ്ധമായി കാര്യങ്ങള്‍ ചെയ്താല്‍ കേസും നടപടികളും ഉണ്ടാകും. അത് പിന്‍വലിക്കണമെന്ന് പറഞ്ഞ് സമരം ചെയ്താല്‍ സ്ഥിതി എന്തായിരിക്കുമെന്നത് നേരത്തെ നടത്തിയ സമരം പോലെ, അതിന്റെ അനുഭവം പോലെ ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ പിടിവാശിയല്ല ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. അവിടെ വലിയ തോതില്‍ സൗകര്യങ്ങള്‍ കുറവാണെന്ന പ്രചാരണമാണ് ഇപ്പോള്‍ അഴിച്ചുവിട്ടത്. 2017ല്‍ ഉണ്ടായിരുന്ന സൗകര്യങ്ങള്‍ പലതും പ്രളയത്തില്‍ തകര്‍ന്നു.

സമരവുമായി ബന്ധപ്പെട്ട് ബിജെപിയുടെ പ്രഖ്യാപനം ആദ്യം വരുകയും യുഡിഎഫ് അതിന്റെ കൂടെ നില്‍ക്കുകയുമാണ്. സ്വാഭാവികമായും ഇനി അവര്‍ ഇതിന്റെ കൂടെയും നില്‍ക്കുമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.