സുരേന്ദ്രന്റെ അറസ്റ്റിനെക്കുറിച്ച് നിയമസഭയില്‍ മിണ്ടിയില്ല; ഒ.രാജഗോപാലിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം

72

കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടതിനെതിരെ നിയമസഭയില്‍ ഒരക്ഷരം മിണ്ടാതിരുന്ന ബി.ജെ.പിയുടെ ഏക എം.എല്‍.എ ഒ. രാജഗോപാലിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധം. കറുപ്പ് വസ്ത്രം ധരിച്ച് നിയമസഭയില്‍ പോയെങ്കിലും കെ.സുരേന്ദ്രനെതിരായ നടപടിയില്‍ രാജഗോപാല്‍ സര്‍ക്കാരിനോട് ഒരു ചോദ്യം പോലും ചോദിച്ചിരുന്നില്ല.

അതേസമയം, ഇന്നലെ ശബരിമല സംബന്ധിച്ചകാര്യം രാജഗോപാല്‍ സഭയിലുന്നയിച്ചിരുന്നു. രാജഗോപാലും സ്വതന്ത്ര അംഗം പി.സിജോര്‍ജും ഒരു ബ്ലോക്കായി ഇരിക്കുമെന്നും കറുപ്പുടുത്ത് പോകുന്നുണ്ടെന്നും അറിഞ്ഞതോടെ സുരേന്ദ്രനെ രണ്ടാഴ്ചയോളമായി ജയിലിലടച്ച കാര്യം രാജഗോപാല്‍ സഭയില്‍ ഉന്നയിക്കുമെന്നാണ് പ്രവര്‍ത്തകരും നേതാക്കളും കരുതിയത്. എന്നാല്‍, അതുണ്ടാകാത്തതിലാണ് പാര്‍ട്ടിയില്‍ മുറുമുറുപ്പ് ഉയരുന്നത്.

എന്നാല്‍ നിയമസഭയില്‍ സുരേന്ദ്രന്റെ കാര്യം ആരും ഉന്നയിക്കാത്തതുകൊണ്ടാണ് താനും പ്രതികരിക്കാതിരുന്നത് എന്നായിരുന്നു ഇതു സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ രാജഗോപാലിന്റെ മറുപടി.

സുരേന്ദ്രന്റെ അറസ്റ്റിനുശേഷം പാര്‍ട്ടിയിലെ വിഭാഗീയത വീണ്ടും മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ശശികലയെ അറസ്റ്റ് ചെയ്തപ്പോള്‍ ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച ഹര്‍ത്താലിന് ബി.ജെ.പി പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ സുരേന്ദ്രന്റെ അറസ്റ്റിനെതിരെ പ്രത്യക്ഷ പ്രതിഷേധം ബി.ജെ.പി നടത്തിയിരുന്നില്ല.

ഇത് പ്രവര്‍ത്തകരില്‍ ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചിട്ടുണ്ട് സംഭവം വിവാദമായതോടെയാണ് എം.ടി രമേശ് സുരേന്ദ്രന്റെ അറസ്റ്റിനെ സംബന്ധിച്ച് വാര്‍ത്താസമ്മേളനം നടത്തിയത്.