സുന്ദരിയായി കോഴിക്കോട്‌ സൗത്ത് ബീച്ച്

അറവു മാലിന്യങ്ങളുടെ ദുർഗന്ധം മാത്രം നിറഞ്ഞുനിന്നിരുന്ന, മയക്കുമരുന്നുകാരുടെ താവളമായിരുന്ന സൗത്ത്‌ ബീച്ച്‌ മനോഹരതീരമായി മാറിയിരിക്കുന്നു. അവസാനഘട്ട മിനുക്കുപണികൾ നടന്നുവരികയാണ്‌. വൈകാതെ ഉദ്ഘാടനം നടക്കും.

196

സൗത്ത് ബീച്ച്  അണിഞ്ഞൊരുങ്ങി സുന്ദരിയായിരിക്കയാണ്,  സഞ്ചാരികളെ ആകർഷിക്കാൻ. കടൽക്കാറ്റേറ്റ് ഈന്തപ്പനയുടെ തണലിലിരുന്ന് ഇനി കൊച്ചുവർത്തമാനങ്ങൾ പറയാം. സൂര്യാസ്തമയത്തിന്റെ ഭംഗി വേണ്ടുവോളം ആസ്വദിക്കാം. ഏറെനാളത്തെ മുറവിളികൾക്കൊടുവിൽ സൗന്ദര്യവത്കരണം 90 ശതമാനവും പൂർത്തിയായി. ജൂണിൽ നവീകരിച്ച ബീച്ച് ജനങ്ങൾക്ക് തുറന്നുകൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ. പക്ഷേ,  ഉദ്ഘാടനത്തിനുമുൻപുതന്നെ വൈകുന്നേരങ്ങളിൽ നിരവധിപേർ ഇവിടെ  സായാഹ്നം ആസ്വദിക്കാൻ എത്തിത്തുടങ്ങിയിട്ടുണ്ട്.

ഈന്തപ്പനച്ചോട്ടിൽ

ഈന്തപ്പനകളും ചെറിയ തണൽമരങ്ങളും നട്ടുപിടിപ്പിച്ച് മനോഹരമാക്കിയ ബീച്ച് കണ്ടാൽ വിദേശരാജ്യത്തെ കടൽത്തീരമാണോ എന്ന് തോന്നിപ്പോവും. കടലിലേക്ക് ഇറങ്ങി നിൽക്കുന്ന വൃത്താകൃതിയിലേക്കുള്ള വ്യൂപോയിന്റ്, മനോഹരമായ ചുറ്റുമതിൽ, കടലിലേക്ക് ഇറങ്ങാനുള്ള പടവുകൾ അങ്ങനെ  അഴകേറെയുണ്ട്. മഴയും വെയിലും ഏൽക്കാതിരിക്കാൻ ഷെൽട്ടറുകളും സ്ഥാപിച്ചിട്ടുണ്ട്. മിനി ഹൈമാസ്റ്റ് വിളക്കുകൾ, കുടിവെള്ള സംവിധാനം, ടോയ്‌ലെറ്റുകൾ,  അലങ്കാരവിളക്കുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ബീച്ച് കാണാനെത്തുന്നവർക്ക് വാഹനങ്ങൾ നിർത്തിയിടുകയും ചെയ്യാം. ലോറി സ്റ്റാൻഡിലാണ് പാർക്കിങ് സൗകര്യമൊരുക്കുക.  നടക്കാൻ പ്രയാസമുള്ളവർക്ക്  വീൽച്ചെയറിൽ കടലുകാണാം. അറവുമാലിന്യം തള്ളിയതും സാമൂഹികവിരുദ്ധശല്യവും കാരണം ആർക്കും ബീച്ചിലേക്കെത്താൻ പറ്റാത്ത അവസ്ഥയായിരുന്നു.  പലരും കൈയേറി ഇഷ്ടംപോലെ ഉപയോഗിച്ച്‌ വരികയായിരുന്നു. തുടർന്നാണ് സൗത്ത് ബീച്ച് ടൂറിസം കേന്ദ്രമാക്കി പുതിയ രൂപമൊരുക്കാൻ ഡി.ടി.പി.സി. മുന്നോട്ടുവന്നത്. 3.85 കോടി രൂപ ചെലവഴിച്ചാണ് സൗന്ദര്യവത്കരണം. ഹാർബർ എൻജിനീയറിങ്ങിനാണ് നിർമാണച്ചുമതല.

 മിനുക്കുപണികൾ അവസാനഘട്ടത്തിൽ

അവസാനഘട്ട മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്. ഇനി വൈദ്യുതീകരണം മാത്രമാണ് പൂർത്തിയാവാനുള്ളത്. എം.കെ.മുനീർ എം.എൽ.എ. മന്ത്രിയായിരുന്ന സമയത്താണ് സൗന്ദര്യവത്കരണത്തിനായി ഫണ്ട് അനുവദിച്ചത്. ഏപ്രിൽ രണ്ടാംവാരം ഉദ്ഘാടനം ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും നവീകരണം നീണ്ടുപോയതുകാരണം നടന്നില്ല. രണ്ടുഘട്ടമായാണ് ബീച്ചിന്റെ സൗന്ദര്യവത്കരണം. ആദ്യഘട്ടത്തിൽ രക്തസാക്ഷിമണ്ഡപം മുതൽ തെക്കെപാലം വരെയാണ് നവീകരിക്കുന്നത്. മുഹമ്മദലി കടപ്പുറം വരെയുള്ള ഭാഗം രണ്ടാം ഘട്ടത്തിൽ നവീകരിക്കും.

ശോഭ കെടുത്തുന്ന പ്രശ്നങ്ങൾ

സൗന്ദര്യവത്കരണത്തിന്റെ ശോഭകെടുത്തുന്ന ഒരുപാട് പ്രശ്നങ്ങൾ ഇപ്പോഴും സൗത്ത് ബീച്ചിലുണ്ട്. അറവുമാലിന്യം ഉൾപ്പെടെയുള്ളവ ഇപ്പോഴും ബീച്ചിൽ കൊണ്ടുപോയി തള്ളുന്നുണ്ട്. ഇതുകാരണം ഇപ്പോൾത്തന്നെ ദുർഗന്ധവും തെരുവുനായശല്യവും വളരെ കൂടുതലാണ്. ഇതിന്‌  പരിഹാരമുണ്ടായില്ലെങ്കിൽ  ഭംഗിയുള്ള നടപ്പാതയിലിരുന്ന് തെരുവു നായ്‌ക്കൾ മാലിന്യം കടിച്ചുവലിക്കുന്ന കാഴ്ചകൾ കണ്ട് മടങ്ങാം.  തുറമുഖവകുപ്പിന്റെ അധീനതയിലുള്ള, തകർന്നുവീഴാറായ പഴയ കസ്റ്റംസ് ഗോഡൗൺ സാമൂഹികവിരുദ്ധരുടെ താവളമാണ്. ഈ കെട്ടിടത്തിൽ രണ്ടു പേരാണ് മാസങ്ങൾക്കുള്ളിൽ ലഹരി മരുന്ന് ഉപയോഗത്തിനിടെ മരിച്ചത്. അതുകൊണ്ടുതന്നെ തകർന്നുവീഴാറായ ഈ കെട്ടിടവും പൊളിച്ചുമാറ്റണം.

ഒരാഴ്ചയ്ക്കുള്ളിൽ കോയാറോഡിലേക്ക് ലോറിസ്റ്റാൻഡ് മാറ്റുമെന്നാണ് കോർപ്പറേഷൻ പറഞ്ഞിരിക്കുന്നത്. ഇത് അനന്തമായി നീണ്ടുപോയാൽ അത് സഞ്ചാരികളെയാവും വലിയ രീതിയിൽ ബാധിക്കുക. സൗത്ത് ബീച്ചിൽ സി.സി.ടി.വി. ക്യാമറകൾ ഉൾപ്പെടെ സ്ഥാപിക്കുകയും വേണം.സുരക്ഷാജീവനക്കാരെ നിയമിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് ഡി.ടി.പി.സി. സെക്രട്ടറി ബിനോയ് വേണുഗോപാൽ പറഞ്ഞു. ചൊവ്വാഴ്ച കളക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിനുശേഷം ഉദ്ഘാടനത്തീയതി  തീരുമാനിക്കും. എം.കെ. മുനീർ എം.എൽ.എ., ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടക്കം യോഗത്തിൽ പങ്കെടുക്കും.