സുനാമി തകർത്ത ധനുഷ്‌കോടി സഞ്ചാരിയുടെ നോവ്

ലോകത്തെ ഏതു നഗരത്തോടും കിടപിടിക്കുമായിരുന്ന ധനുഷ്‌കോടി... 55 കൊല്ലം മുമ്പ് ആ സുനാമി ഉണ്ടാകാതിരുന്നെങ്കിൽ...? ഇപ്പോഴവിടം അസ്ഥിമാത്രശേഷമായ നഗരത്തിന്റെ ഓർമകൾ മാത്രം. എന്നെങ്കിലും പഴയ പ്രതാപകാലം തിരിച്ചുവരുമെന്നു കരുതി ഓലപ്പുരകളിൽ കഴിയുന്ന കുറേ ദരിദ്രർ... കഴിഞ്ഞ മാസം അവിടം സന്ദർശിച്ച എഴുത്തുകാരൻ പ്രേമാനന്ദ് കെ.ആറും ഭാര്യ ജീജ പ്രേമാനന്ദും എഴുതുന്നു...

168

രാമേശ്വരത്തെ ശിലയിൽ പതിഞ്ഞ രാമപാദങ്ങൾ ദർശിച്ചതിനു ശേഷം ഞങ്ങൾ യാത്രതിരിച്ചത് ധനുഷ്‌കോടിയിലേക്കാണ്… പാമ്പൻ പാലവും രാമേശ്വരവും കടന്ന് അവിടെത്തി. മധ്യാഹ്നത്തിലെ പ്രതാപിയായ സൂര്യന്റെ കനത്ത ചൂട്. തെളിഞ്ഞ കാലാവസ്ഥ. രാമേശ്വരത്തു നിന്ന് 22 കിലോമീറ്റർ ദൂരമുണ്ട് ധനുഷ്‌കോടിയിലേക്ക്‌. ‘വില്ലിന്റെ വളഞ്ഞ അഗ്രം’ പോലെ ആകൃതിയുള്ള മുനമ്പ്‌ ആയതിനാലാവാം ‘ധനുഷകോടി’ എന്ന പേരു ലഭിച്ചതെന്ന്‌ കരുതുന്നു (രാമന്റെ വില്ല് കുത്തിവെച്ച സ്ഥലമെന്നും പറയുന്നു).

Railway Station
തകര്‍ന്ന റെയില്‍വേ (ദുരന്തകാലത്തെ ചിത്രം)

കുറച്ചു ദൂരം താണ്ടിക്കഴിഞ്ഞപ്പോൾ ഇരുവശവും സമുദ്രതീരമുള്ള റോഡ്. ഇടതുവശത്ത് ‘ശ്രീരാമസേതു’ എന്ന മണൽച്ചിറ നീണ്ടുകിടക്കുന്നു. ധാരാളം വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പോയിക്കൊണ്ടിരിക്കുന്നു. തെക്കുകിഴക്കെ വശത്ത് ശാന്തമായ ബംഗാൾ ഉൾക്കടലും തെക്കുപടിഞ്ഞാറെ വശത്ത് ഇളകിമറിഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യൻ മഹാസമുദ്രവും. മുന്നോട്ടു പോകുന്തോറും ശക്തമായ കാറ്റിന്റെ കുളിർമ ചൂടിന് കുറച്ച് ശമനമുണ്ടാക്കിയിരുന്നു.

ബോട്ട് മെയിലിന്റെ യാത്ര കൊടുങ്കാറ്റിലേക്ക്  

‘പ്രേതനഗര’വും കടന്ന് ഇന്ത്യൻ മണ്ണിന്റെ അവസാന പോസ്റ്റ്. ‘അശോകസ്തംഭം’ ഉയർത്തിവെച്ച സ്തൂപം. വേലിയിറക്കമായതിനാലാവാം  കടൽ പിന്നിലേക്ക് മാറിയ വലിയ മണൽപ്പരപ്പ്. രണ്ടു സാഗരങ്ങളുടെ സംഗമം നേരിട്ടു കാണാൻ കഴിഞ്ഞു. കടൽത്തിരകൾ കാലിൽ ചുംബിച്ചപ്പോൾ, മനസ്സിൽ ചരിത്രത്തിന്റെ നീർക്കുമിളകൾ ഉയർന്നുവന്നു.

Church Dhanushkodi
തകര്‍ന്ന പള്ളി. വശങ്ങളില്‍ ഓലപ്പുരകള്‍

1964 ഡിസംബർ 22 വരെ ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന റെയിൽ ഗതാഗതമുണ്ടായിരുന്നു ഇവിടെ. 1913-ലാണ് ദക്ഷിണേന്ത്യൻ റെയിൽവേ ഈ പദ്ധതിക്ക് തുടക്കമിട്ടത്. 1914-ൽ രമേശ്വരത്തേക്ക് ‘പാമ്പൻ പാലം’ പണിത് രാമേശ്വരം വഴി ധനുഷ്‌കോടിയിലേക്ക് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. 1964 ഡിസംബർ 22 രാത്രി പത്തുമണിക്ക് മദ്രാസ് എഗ്‌മൂറിൽ നിന്ന് മധുര-രാമേശ്വരം വഴിയുള്ള ‘ബോട്ട് മെയിൽ’ എന്ന ട്രെയിൻ അവസാന സ്റ്റേഷനായ ധനുഷ്‌കോടിയിലേക്ക് എത്തുകയാണ്… കനത്ത മഴ, കൊടുംങ്കാറ്റ്… അവസാനത്തെ സിഗ്നൽ കാത്ത് ട്രെയിൻ കുറേനേരം നിർത്തിയിട്ടു. അര മണിക്കൂർ കാത്തിട്ടും സിഗ്നൽ കിട്ടിയില്ല. വാർത്താ വിനിമയ ബന്ധങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ല. എന്തും വരട്ടെ എന്ന ധൈര്യത്തിൽ എൻജിൻ ഡ്രൈവർ വണ്ടി മുന്നോട്ടെടുത്തു… എതിരേ വേറെ ട്രെയിനൊന്നും വരാനില്ലല്ലോ.

അതൊരവിവേകമായിരുന്നു… ട്രെയിൻ എത്തുമ്പോഴേക്കും കൂറ്റൻ തിരമാലകളും കൊടുങ്കാറ്റും ധനുഷ്‌കോടിയെ നിത്യനാശത്തിന്റെ കടൽത്തിരകളിലേക്ക് വലിച്ചെറിഞ്ഞുകഴിഞ്ഞിരുന്നു. റെയിൽപ്പാത പോലും പൊക്കിയെടുത്ത ഭീകര തിരമാലകൾ ട്രെയിനിനെയും നൂറോളം യാത്രക്കാരെയും ജീവനക്കാരെയും കടലിന്റെ അഗാധതയിലേക്കു കൊണ്ടുപോയി. അധികമാരും അറിഞ്ഞില്ല, ആ ദുരന്തം. മാധ്യമങ്ങൾ അധികമില്ലാതിരുന്ന കാലമായിരുന്നു അത്. കേരളത്തിലെ ഏതു റെയിൽവേ സ്റ്റേഷനിൽ നിന്നും ഒറ്റ ടിക്കറ്റിൽ കൊളംബോ വരെ പോകാമായിരുന്നു. ധനുഷ്‌കോടിയിൽ നിന്ന് ശ്രീലങ്കയിലെ ‘തലൈ മന്നാറി’ലേക്ക്‌ 31 കിലോമീറ്റർ മാത്രം ദൂരം. ആവിക്കപ്പലിൽ എത്തി കണക്‌ഷൻ ട്രെയിനിൽ കൊളംബോ വരെ.

Premanand
പ്രേമാനന്ദും ജീജയും

പോയകാല പ്രതാപത്തിന്റെ അസ്ഥിപഞ്ജരങ്ങൾ

1964 ഡിസംബർ 22-ന് രാത്രി പത്തുമണിയോടെ അതു ചരിത്രമായി… അന്നത്തെ കൊടുങ്കാറ്റിലും സുനാമിയിലും രണ്ടായിരത്തിലധികം ആളുകൾ മരിച്ചുവെന്നാണ് വിവരം. ഇന്നത്തെ ഏതു തമിഴ് പട്ടണങ്ങളെയും വെല്ലുന്ന പട്ടണമായിരുന്നു ധനുഷ്‌കോടി… ആ സുനാമി ഇല്ലായിരുന്നെങ്കിൽ മലേഷ്യ, സിങ്കപ്പൂർ എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യക്ക് തലയുയർത്താൻ ധനുഷ്‌കോടി എന്ന ആധുനിക നഗരം നിലനിന്നേനെ. ഇന്നു പ്രേതനഗരത്തെപ്പോലെ, പോയകാലത്തിന്റെ അവശിഷ്ടപഞ്ജരങ്ങൾ ബാക്കിവെച്ചത്, പൊള്ളുന്ന വെയിലിലും നമ്മെ ഒരു ഗതകാലസ്മരണകളിലേക്ക് കൂട്ടികൊണ്ടുപോകാൻ ഇതൊക്കെ മതിയാകുമെന്ന നിലയിലാണ്.

Police Station
തകര്‍ന്ന പോലീസ് സ്‌റ്റേഷന്‍

ചരിത്രം അറിയാൻ ശ്രമിക്കുന്ന സഞ്ചാരികളുടെ മനസ്സിലെ നോവാണ് ധനുഷ്‌കോടി. ഈ ദുരന്തത്തിനു ശേഷം അവിടത്തെ ജനങ്ങൾ അനുഭവിച്ച ദുരിതത്തിനു കണക്കില്ല. വെള്ളമില്ല, വെളിച്ചമില്ല, ഭക്ഷണമില്ല… ആയിരങ്ങൾ പലായനം ചെയ്തു. എങ്കിലും എന്നെങ്കിലും വീണ്ടും പഴയ സ്ഥിതിയിലേക്ക്‌ മടങ്ങിവരുമെന്ന ഒറ്റ വിശ്വാസത്തിൽ ഇന്നും നൂറിൽപ്പരം കുടുംബങ്ങൾ കനത്ത ചൂടും പ്രകൃതിയുടെ വികൃതികളും സഹിച്ച്  ഓലപ്പുരകളിൽ കഴിയുന്നു.

അവർ കാത്തിരിക്കുന്നു

ദുരന്തബാധിത പ്രദേശമെന്ന നിലയിൽ  ഈ നഗരത്തിന്റെ പുനർനിർമാണത്തിന്‌ താത്പര്യം കാണിക്കാതെ തമിഴ്‌നാട് സർക്കാർ അലംഭാവം കാണിക്കുന്നു. ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും അവരുടെ ചെറുത്തുനിൽപ്പിൽ സർക്കാർ പിൻവാങ്ങി. വെളിച്ചത്തിനായി സോളാർ പാനലുകൾ സ്ഥാപിച്ചുകൊടുത്തു ഒരോ കുടിലിനും. കുടിവെള്ളം, ആഹാരം തേടൽ… ഇന്നും അവർക്കൊരു ബാലികേറാമല പോലെയാണ്.  ഇന്ന് ടൂറിസം അവർക്കൊരു വരുമാനമാർഗമാണ്. മീൻപിടിത്തവുമുണ്ട്. പക്ഷേ, സീസൺ കഴിഞ്ഞാൽ വീണ്ടും ദുരിതത്തിലേക്ക്… എങ്കിലും തലമുറകളുടെ ഓർമകൾ അടക്കംചെയ്ത, പിറന്നമണ്ണിനെ വിടില്ല എന്ന ഉറച്ച തീരുമാനത്തിൽ കുറേ മനുഷ്യജന്മങ്ങൾ.

ഒരുകുപ്പി വെള്ളം അവരുടെ പക്കൽനിന്ന്‌ വാങ്ങുമ്പോൾ ഇരട്ടി വിലയാണ് ഈടാക്കുന്നത്. എങ്കിലും ആരും ചോദിക്കില്ല… അവരുടെ ദുരിതമറിയാം. ദാഹജലത്തിന്റെ വിലയറിയുന്ന നേരവുമാണത്.  ഗതകാലത്തിൽ പ്രൗഢമായിരുന്ന പള്ളിയും പോലീസ് സ്റ്റേഷനും സ്കൂളും നേവിയുടെ കെട്ടിടങ്ങളും റെയിൽ അനുബന്ധ കെട്ടിടങ്ങളും അസ്ഥിപഞ്ജരങ്ങളായി തലയുയർത്തി നിൽക്കുന്നു. താഴെ മണ്ണിൽ അടക്കംചെയ്യപ്പെട്ട നാഗരികത… ഞങ്ങൾ തിരികെ നടന്നു.