സാം വധം: ഭാര്യക്ക് 22 വര്‍ഷവും കാമുകന് 27 വര്‍ഷവും തടവ്

372

പുനലൂര്‍ കരവാളൂര്‍ ആലക്കുന്നില്‍ സാം എബ്രഹാം(34) ആസ്ട്രേലിയയില്‍ കൊലപ്പെട്ട കേസില്‍ ഭാര്യ സോഫിയക്കും കാമുകനായ പാലക്കാട് സ്വദേശി അരുണ്‍ കമലാസനും തടവ് ശിക്ഷ. സോഫിയക്ക് 22 വര്‍ഷത്തെ തടവും അരുണ്‍ കമലാസനന് 27 വര്‍ഷത്തെ തടവുശിക്ഷയുമാണ് വിക്ടോറിയന്‍ കോടതി വിധിച്ചത്. കേസില്‍ ഇരുവരും കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

ആസ്ട്രേലിയയിലെ മെല്‍ബണില്‍ യു.എ.ഇ എക്സ്ചേഞ്ച് സെന്‍ററിലെ ജോലിക്കാരനായിരുന്ന സാം എബ്രഹാം 2015 ഒക്ടോബര്‍ 14 നാണ് കൊല്ലപ്പെട്ടത്. മെല്‍ബണിലെ താമസസ്ഥലത്തുവെച്ച്‌ സോഫിയ അരുണ്‍ കമലാസനുമായി ചേര്‍ന്ന് സയനൈഡ് ചേര്‍ത്ത ആഹാരം നല്‍കി സാമിനെ കൊല്ലുകയായിരുന്നു. ഭര്‍ത്താവ് ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് വീട്ടുകാരെയും പൊലീസിനെയും തെറ്റിദ്ധരിപ്പിച്ചത്. ഒരു ഭാവഭേദവുമില്ലാതെ ഭര്‍ത്താവിന്‍െറ മൃതദേഹം നാട്ടിലത്തെിച്ച്‌ ഒക്ടോബര്‍ 23ന് സംസ്കരിക്കാനും സോഫി മുന്നിലുണ്ടായിരുന്നു.

എന്നാല്‍, സോഫിയയുടെ അവിഹിതബന്ധം അറിയാമായിരുന്ന ബന്ധുക്കള്‍ സാമിന്‍െറ മരണത്തില്‍ സംശയം പ്രകടിപ്പിച്ച്‌ മെല്‍ബണില്‍ പൊലീസില്‍ പരാതിനല്‍കിയിരുന്നു. രഹസ്യപൊലീസ് ഇരുവരുടെയും മൊബൈല്‍ സംഭാഷണം നിരീക്ഷിച്ച്‌ കൊലപാതകത്തിന്‍െറ ചുരുളഴിച്ചു. ഉടന്‍ സോഫിയെയും അരുണ്‍ കമലാസനെയും പൊലീസ് അറസ്റ്റു ചെയ്തു. അന്നുമുതല്‍ ഇരുവരും റിമാന്‍ഡിലാണ്.

കരവാളൂര്‍ പുത്തുത്തടം സ്വദേശിനിയും സാമിന്‍െറ ഇടവകയില്‍പെട്ടതുമായ സോഫിയുമായി പഠനകാലത്തുണ്ടായ പ്രണയമാണ് 2008ല്‍ വിവാഹത്തിലെത്തിയത്. നേരത്തേ ഗള്‍ഫിലായിരുന്ന സാം വിവാഹശേഷം സോഫിയുടെ ആസ്ട്രേലിയയിലുള്ള ബന്ധുക്കളുടെ സഹായത്താലാണ് 2013ല്‍ അവിടെയത്തെിയത്. എന്‍ജിനീയറിങ് ബിരുദധാരിയായ സോഫി മെല്‍ബണില്‍ ഒരു കമ്ബനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യയുടെ അവിഹിതബന്ധം സാം ബന്ധുക്കളോടും മറ്റും പറഞ്ഞിരുന്നു. അതിനിടെ, മെല്‍ബണ്‍ റെയില്‍വേസ്റ്റേഷനില്‍വെച്ച്‌ സാമിനുനേരെ ആക്രമണമുണ്ടായി. കാര്‍പാര്‍ക്കിങ് ഏരിയയില്‍വെച്ച്‌ മുഖംമൂടി ധരിച്ച യുവാവ് സാമിനെ കുത്തിപ്പരിക്കേല്‍പിച്ചിരുന്നു. ഈ അക്രമണം നടത്തിയത് അരുണ്‍ കമലാസനാണെന്ന് പിന്നീട് തെളിഞ്ഞു.

സാമിന്‍െറ മൃതദേഹവുമായി നാട്ടിലത്തെിയിട്ട് സോഫി മൂന്നുദിവസത്തിനുശേഷം മെല്‍ബണിലേക്ക് മടങ്ങി. അവിടെയത്തെിയ സോഫി പഴയ വീട് ഉപേക്ഷിച്ച്‌ കാമുകനൊപ്പം താമസം തുടങ്ങിയതും കേസന്വേഷണത്തിന് വഴിത്തിരിവായി. കരവാളൂര്‍ മാര്‍ത്തോമാ ഇടവകയിലെ സാമൂഹികപ്രവര്‍ത്തകനായിരുന്ന സാം നല്ലൊരു ഗായകന്‍ കൂടിയായിരുന്നു. പത്ത് വയസ്സുള്ള ഒരു മകനുണ്ട്.