സത്യത്തിന്റെ വിജയം ; ദൈവത്തിനു നന്ദിയെന്ന് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ

239

മകനെ കൊലപ്പെടുത്തിയവര്‍ക്ക് ലഭിച്ച ശിക്ഷയില്‍ സന്തോഷം ഉണ്ടെന്ന് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ. തനിക്ക് നീതി ലഭിച്ചുവെന്നും പ്രാര്‍ത്ഥന ദൈവം കേട്ടെന്നും അവര്‍ പറഞ്ഞു. ഉരുട്ടിക്കൊലക്കേസിലെ ശിക്ഷാവിധി വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രഭാവതിയമ്മ.

പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ആഗ്രഹിച്ച വിധിയാണ് കിട്ടിയത്. വിധിയില്‍ സന്തോഷം ഉണ്ട്. സന്തോഷിച്ചാലും ഈ കണ്ണീര് ഒരിക്കലും തീരില്ല. കാരണം എന്റെ മകനെ എനിക്ക് ഇനി തിരിച്ച്‌ കിട്ടില്ല.

പ്രതികള്‍ അപ്പീലുമായി മേല്‍ക്കോടതിയെ സമീപിച്ചാലും വിധിയില്‍ മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ 13 വര്‍ഷങ്ങളായി ഞാന്‍ പോരാടിയത് ഈ നീതി ലഭിക്കുന്നതിന് വേണ്ടിയാണ്. ഈ ശിക്ഷാവിധി കേള്‍ക്കുന്നതിന് വേണ്ടിയാകാം ഇത്രയും കാലം ജീവനോടെ ഇരുന്നത് തന്നെ. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ട്. പ്രഭാവതിയമ്മ പറഞ്ഞു.

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ആദ്യ രണ്ട് പ്രതികളായ കെ ജിതകുമാര്‍, എസ്‌വി ശ്രീകുമാര്‍ എന്നിവര്‍ക്ക് വധശിക്ഷയും അഞ്ച് മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍ക്ക് മൂന്ന് വര്‍ഷം വീതം തടവുമാണ് തിരുവനന്തപുരം സിബിഐ ജഡ്ജി ജെ നാസര്‍ വിധിച്ചത്.