സച്ചിന്റെ കടുത്ത ആരാധകനെ സത്കരിച്ച് ക്യാപ്റ്റന്‍ കൂള്‍; ധോനിക്കും സാക്ഷിക്കുമൊപ്പം സുധീര്‍

'സൂപ്പര്‍ കുടുംബത്തിനൊപ്പം സൂപ്പര്‍ ഉച്ചഭക്ഷണം, അതും ഫാം ഹൗസില്‍. വാക്കുകള്‍ കൊണ്ട് ഇതിനെ നിര്‍വചിക്കാന്‍ കഴിയില്ല'

229

റാഞ്ചി: സച്ചിന്‍ തെണ്ടുല്‍ക്കറുടെ കടുത്ത ആരാധകനാണ് സുധീര്‍ ഗൗതം. മത്സരം നാട്ടിലായും വിദേശത്തായാലും ഇന്ത്യന്‍ ടീമിനൊപ്പം സുധീര്‍ ഗൗതമുണ്ടാകും. ദേഹമാകെ ത്രിവര്‍ണം പൂശി സച്ചിന്റെ ജഴ്‌സി നമ്പറായ പത്ത് എന്നെഴുതി ഇന്ത്യയുടെ പതാകയുമായാണ് സുധീര്‍ എപ്പോഴും ഗാലറിയില്‍ പ്രത്യക്ഷപ്പെടാറുള്ളത്.

ഐ.പി.എല്‍ പതിനൊന്നാം സീസണ് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ് ധോനി, സുധീറിനെ വീട്ടിലേക്ക് ക്ഷണിച്ചു. ധോനിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങള്‍ സുധീര്‍ ട്വീറ്റ് ചെയ്തു. ‘ക്യാപ്റ്റന്‍ കൂളിനൊപ്പം ഇത് വിശിഷ്ടമായ ദിവസമാണ്. സൂപ്പര്‍ കുടുംബത്തിനൊപ്പം സൂപ്പര്‍ ഉച്ചഭക്ഷണം, അതും ഫാം ഹൗസില്‍. വാക്കുകള്‍ കൊണ്ട് ഇതിനെ നിര്‍വചിക്കാന്‍ കഴിയില്ല. ധോനിക്കും സാക്ഷി ദീദിക്കും നന്ദി’

ഐ.പി.എല്ലില്‍ ചെന്നൈയ്ക്കായി ധോനി മൂന്നാം കിരീടമാണ് നേടിക്കൊടുത്തത്. രണ്ടു വര്‍ഷത്തെ വിലക്കിന് ശേഷമായിരുന്നു ചെന്നൈയുടെ തിരിച്ചുവരവ്. ഈ സീസണില്‍ 16 മത്സരങ്ങളില്‍ നിന്ന് 455 റണ്‍സാണ് ധോനിയുടെ സമ്പാദ്യം.

നിലവില്‍ ഐ.പി.എല്ലിന് ശേഷം വിശ്രമത്തിലായ ധോനി അയര്‍ലന്റിനെതിരായ രണ്ട് ടിട്വന്റി മത്സരങ്ങളടങ്ങിയ പരമ്പരയില്‍ പങ്കെടുക്കും. അതിന് ശേഷം ഇംഗ്ലണ്ട് പര്യടനത്തിലും ധോനിയുണ്ടാകും.