സഊദിയില്‍ സമസ്തയുടെ ഔദ്യോഗിക സംഘടന ഇനി “സമസ്ത ഇസ്‌ലാമിക് സെന്റർ“

63

സഊദിയില്‍ വിവിധ പേരുകളില്‍ പ്രവര്‍ത്തിച്ചിരുന്ന സമസ്തയുടെ വിവിധ സംഘടനകള്‍ ഇനി ഒരൊറ്റ പേരില്‍ അറിയപ്പെടും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ശങ്ങള്‍ക്കനുസരിച്ച് സഊദിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന എസ് വൈ എസ്, എസ് കെ ഐ സി എന്നീ സംഘടനകളെ ഏകോപിപ്പിച്ചു സമസ്ത ഇസ്‌ലാമിക് സെന്റര്‍ (എസ് ഐ സി) എന്ന പേരില്‍ ഒറ്റ സംഘടയാക്കാനുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറയുടെ തീരുമാനം മദീനയില്‍ നടന്ന നേതൃ സംഗമത്തില്‍ സമസ്ത ജനറല്‍ സിക്രട്ടറി പ്രൊഫ: ആലിക്കുട്ടി മുസ്‌ല്യാര്‍ പ്രഖ്യാപിച്ചു.ഇതോടെ ഇനി മുതല്‍ സമസ്ത ഇസ്‌ലാമിക് സെന്റര്‍ മാത്രമായിരിക്കും സഊദി അറേബ്യയിലെ സമസ്തയുടെ അംഗീകൃത ഘടകം. വ്യത്യസ്ത പേരുകളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സംഘടനകള്‍ പ്രഖ്യാപനത്തോടെ പ്രവര്‍ത്തന രഹിതമാകുകയും സമസ്ത ഇസ്‌ലാമിക് സെന്റര്‍ എന്ന ഘടനയിലേക്ക് മാറുകയും ചെയ്യും. മറ്റു രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സമസ്തയുടെ വിവിധ സംഘടനകളും ഭാവിയില്‍ സമസ്തയുടെ കീഴില്‍ ഒറ്റ സംഘടനയായി മാറും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ തൊണ്ണൂറാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ നടന്ന പ്രവാസി സംഗമത്തിലാണ് സമസ്തയുടെയും പോഷക സംഘനകളുടെയും കീഴില്‍ വിദേശ രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഏകോപിപ്പിച്ച് ഒറ്റ സംഘടനയെന്ന നിര്‍ദേശമുയര്‍ന്നത്. ഇതാണ് സമസ്തയുടെ മുശാവറ അംഗീകാരത്തോടെ സഊദിയില്‍ തുടക്കമായിരിക്കുന്നത്.
സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി ദേശീയ കമ്മിറ്റി ഭാരവാഹികളെയും പ്രവര്‍ത്തക സമിതി അംഗങ്ങളെയും യോഗത്തില്‍ വെച്ച് ആലിക്കുട്ടി മുസ്‌ല്യാര്‍ പ്രഖ്യാപിച്ചു. ഭരണഘടന, മെമ്പര്‍ഷിപ്പ്, തിരഞ്ഞെടുപ്പ് സമയക്രമം എന്നിവ സമസ്ത കേന്ദ്ര മുശാവറ അംഗീകരിച്ചു നല്‍കും. മദീനയിലെ വര്‍ദത്തു ഇല്യാസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ആലിക്കുട്ടി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം എ വി അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെമോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍, സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍, അലവിക്കുട്ടി ഒളവട്ടൂര്‍, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, ഓമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവി, അറക്കല്‍ അബ്ദുറഹ്മാന്‍ മൗലവി, അറക്കല്‍ അബ്ദുറഹ്മാന്‍ മൗലവി, സുബൈര്‍ ഹുദവി കൊപ്പം, സൈദ്ഹാജി മൂന്നിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു