സംപ്രേഷണം തുടങ്ങി ആദ്യ ആഴ്ച്ചയില്‍ ബാര്‍ക് റേറ്റിംഗിന്‍റെ ആദ്യ അഞ്ചില്‍ എത്തിപ്പിടിക്കാനാവാതെ മോഹന്‍ലാലിന്‍റെ ബിഗ്‌ബോസ്

324

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് മലയാളം ജൂണ്‍ 24 ഞായറാഴ്ച്ചയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ആരംഭിച്ചത്. രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുഷീലന്‍, ഡേവിഡ് ജോണ്‍, അനൂപ് ചന്ദ്രന്‍, മനോജ് വര്‍മ, അതിഥി റായ്, ശ്രീനിഷ് അരവിന്ദ്, ബഷീര്‍ ബഷി, പേളി മാണി, ശ്രീലക്ഷ്മി ജഗതി ശ്രീകുമാര്‍, ദീപന്‍ മുരളി, തരികിട സാബു തടങ്ങി 16 സെലിബ്രിറ്റികള്‍ മത്സരാര്‍ഥികളായെത്തിയ ഈ ഷോയ്ക്ക് സംപ്രേഷണം ആരംഭിച്ച ആദ്യ ആഴ്ച്ചയില്‍ ബാര്‍ക് റേറ്റിംഗിന്റെ ആദ്യ അഞ്ച് സ്ഥാനങ്ങളിലിടം നേടാന്‍ സാധിച്ചിട്ടില്ല. ടെലിവിഷന്‍ പരിപാടികളുടെ റെയ്റ്റിങ് അളക്കുന്ന ദേശീയ ഏജന്‍സിയാണ് ബാര്‍ക്.

ഏഷ്യാനെറ്റിന്റെ തന്നെ സീരിയലുകളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളും കൈയ്യടക്കിയിരിക്കുന്നത്. 44 കോടി ബജറ്റിലൊരുങ്ങിയ ബിഗ് ബോസിന് മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് കയറാന്‍ സാധിച്ചിട്ടില്ലെന്നാണ് ബാര്‍ക് റേറ്റിംഗ് സൂചിപ്പിക്കുന്നത്. മലയാളി ഹൌസ് കണ്ടതിലെ ദുരനുഭവം, കുടുംബത്ത് കയറ്റാന്‍ കൊള്ളാത്ത ഷോയെന്ന സോഷ്യല്‍ മീഡിയ പ്രചരണം തുടങ്ങിയവയ്ക്കൊപ്പം ഫുട്ബോള്‍ ലോകകപ്പ് സംപ്രേഷണവും ബിഗ് ബോസിന് തിരിച്ചടി ആയിട്ടുണ്ട്.

ആറ് മണി മുതല്‍ 11 മണി വരെയുള്ള പ്രൈം ടൈം സ്ലോട്ടിലെ ബാര്‍ക് റേറ്റിംഗാണിത്. കസ്തൂരിമാന്‍, നീലക്കുയില്‍, വാനമ്പാടി, കറുത്ത മുത്ത്, ഭാര്യ തുടങ്ങിയ സീരിയലുകളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. വര്‍ഷങ്ങളായി ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന കസ്തൂരിമാനാണ് റെയ്റ്റിങില്‍ മുന്നില്‍. 44 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ഷോയായ ബിഗ് ബോസ് പരസ്യങ്ങള്‍ക്കും വന്‍ തുകയാണ് കൈപ്പറ്റുന്നത്. ഇതിനിടെയാണ് ബാര്‍ക് റെയ്റ്റിങ് കണക്കുകള്‍ പുറത്തു വരുന്നത്.

ഷോയില്‍ പങ്കെടുക്കുന്നവരും അവതാരകനായ മോഹന്‍ലാലും വന്‍തുകയാണ് പ്രതിഫലമായി കൈപ്പറ്റുന്നത്. 12 കോടി രൂപയാണ് ഷോയ്ക്കായി മോഹന്‍ലാലിന് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ബിഗ് ബോസ്’ ഹൗസ് എന്ന് വിളിക്കപ്പെടുന്ന ഒരു വീട്ടില്‍ 100 ദിവസം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ 16 പേര്‍ താമസിക്കുന്നതാണ് മത്സരം. ഓരോ ആഴ്ച്ചകളിലും ഇതില്‍നിന്ന് എലിമിനേഷനും ഉണ്ടാകും. ഈ വീട് മുഴുവന്‍ ക്യാമറ നിരീക്ഷണത്തിലാണ്.

അമേരിക്കയിലെ ബിഗ് ബ്രദര്‍ റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്. തമിഴില്‍ ഈ ഷോ അവതരിപ്പിക്കുന്നത് ഉലകനായകന്‍ കമല്‍ഹാസനാണ്.