ശശികലയെ അറസ്റ്റ് ചെയ്ത് ക്രമസമാധാനം കാത്ത പത്ത് വനിതാ പൊലീസുകാര്‍ക്ക് ഡിജിപിയുടെ പ്രത്യേക സമ്മാനം

82

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്ത വനിതാ പൊലീസുകാര്‍ക്ക് ഡിജിപിയുടെ ആദരവും സമ്മാനവും. നിരോധനാജ്ഞ ലംഘിച്ച് ശബരിമലയില്‍ കടക്കാന്‍ ശ്രമിച്ച ഇവരെ തടഞ്ഞ പത്ത് വനിതാ പൊലീസുകാര്‍ക്കാണ് സമ്മാനമായി സദ്‌സേവനാ രേഖയും ക്യാഷ് അവാര്‍ഡും നല്‍കുന്നത്. ഈ ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹമായ സേവനമാണ് ചെയ്തതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഉത്തരവില്‍ പറയുന്നു.

സി.ഐ.മാരായ രാധാമണി, കെ.എ. എലിസബത്ത്, എസ്.ഐ.മാരായ സി ടി ഉമാദേവി, വി പ്രേമലത, വി അനില്‍കുമാരി, സീത, കെ എസ് അനില്‍കുമാരി, സുശീല, ത്രേസ്യാ സോസ, സുശീല എന്നീ ഉദ്യോഗസ്ഥര്‍ക്കാണ് ഡിജിപിയുടെ സമ്മാനം. സിഐമാര്‍ക്ക് 1000 രൂപവീതവും എസ്‌ഐമാര്‍ക്ക് 500 രൂപ വീതവുമാണ് ക്യാഷ് അവാര്‍ഡ്.

ശബരിമല ദര്‍ശനത്തിന് പോയ ശശികലയെ മരക്കൂട്ടത്ത് വെച്ചാണ് പൊലീസ് അറസ്റ്റു ചെയ്തത്. ശബരിമലയില്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കരുതല്‍ തടങ്കല്‍ എന്ന നിലയിലായിരുന്നു പൊലീസ് നടപടി. മരക്കൂട്ടത്ത് പൊലീസ് രാത്രിയായിരുന്നു ഇവരെ തടഞ്ഞത്. എന്നാല്‍ ശബരിമലയിലെത്താതെ തിരികെ പോകാന്‍ വിസമ്മതിച്ച ശശികലയെ അഞ്ച് മണിക്കൂറോളം തടഞ്ഞ് വെച്ച പൊലീസ് പിന്നീട് അറസ്റ്റുചെയ്യുകയായിരുന്നു.