ഏഴു വയസുകാരി സൈനബ് അടക്കം നിരവധി പേരെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഇംറാന്‍ അലിയെ പാകിസ്താൻ തൂക്കിലേറ്റി

204

ഏഴു വയസുകാരി സൈനബ് അടക്കം നിരവധി പേരെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഇംറാന്‍ അലിയെ പാകിസ്താൻ തൂക്കിലേറ്റി. ഇന്ന് രാവിലെ ലാഹോറിലെ കോട്ട് ലഖ്പത് ജയിലിലാണ് ഇംറാനെ തൂക്കിലേറ്റിയത്. തൂക്കിലേറ്റുമ്പോള്‍ ജയില്‍ സൂപ്രണ്ടും മജിസ്ട്രേറ്റും മെഡിക്കല്‍ ഓഫീസറും സന്നിഹിതരായിരുന്നു.

വധശിക്ഷ നടപ്പാക്കുന്നതിന് സാക്ഷിയാവാന്‍ സൈനബിന്റെ പിതാവ് അമിന്‍ അന്‍സാരിയും ജയിലിലെത്തിയിരുന്നു. ഇംറാന്റെ മൃതശരീരം ഏറ്റെടുക്കാന്‍ പിതാവും അമ്മാവനും അടക്കം നാലു ബന്ധുക്കള്‍ ജയിലില്‍ എത്തിയിട്ടുണ്ട്. വധശിക്ഷ നടപ്പാക്കുന്നതിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ജയിലില്‍ ഏര്‍പ്പെടുത്തിയിരുന്നത്.

വധശിക്ഷ റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രതി നൽകിയ ഹരജി ലാഹോർ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. പൊതുഇടത്തില്‍ വെച്ചായിരിക്കണം ഇംറാന്റെ വധശിക്ഷ നടപ്പാക്കേണ്ടതെന്ന സൈനബിന്റെ പിതാവിന്റെ ഹരജിയും കോടതി തള്ളിയിരുന്നു. അപേക്ഷ സമര്‍പ്പിക്കാന്‍ വൈകിപ്പോയതിനാലാണ് ഹരജി തള്ളുന്നതെന്നാണ് രണ്ടംഗ ഡിവിഷന്‍ബെഞ്ച് വിശദീകരിച്ചത്.

ഇന്നലെ 30 ഓളം വരുന്ന കുടുംബാംഗങ്ങള്‍ക്ക് ഇംറാനെ വന്നുകാണാന്‍ ജയിലധികൃതര്‍ അനുമതി നല്‍കിയിരുന്നു. ഒരു ജനാലയ്ക്കുള്ളിലൂടെ ഷെയ്ക്ക്ഹാന്‍ഡ് നല്‍കി സംസാരിക്കാനുള്ള അനുവാദം മാത്രമേ, പക്ഷേ നല്‍കിയുള്ളൂ. 45 മിനിറ്റുമാത്രമാണ് സമയം അനുവദിച്ചതെങ്കിലും പിന്നീട് അത് ഒരുമണിക്കൂറായി നീട്ടിനല്‍കി.

സംഭവത്തിന് ശേഷം തങ്ങളാരും കസുറിലേക്ക് പോയിട്ടില്ലെന്ന് പറയുന്നു ഇംറാന്റെ ബന്ധുവായ അലി മുഹമ്മദ്. തന്റെ അമ്മയെ സംരക്ഷിക്കണെന്ന് അമ്മായിയോട് ഇംറാന്‍ പ്രത്യേകം പറഞ്ഞേല്‍പ്പിച്ചെന്നും അലി കൂട്ടിച്ചേര്‍ത്തു.

2017 ജനുവരി ഒമ്പതിനാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ കസൂറില്‍ നിന്ന് സൈനബിനെ കാണാതാകുന്നത്. നാലു ദിവസം നീണ്ട തിരച്ചിലിന് ശേഷം ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ മാലിന്യ കൂമ്പാരത്തിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.

ജനുവരി 23ന് ഇംറാന്‍ അലിയെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഡി.എന്‍.എ, പോളിഗ്രാഫ് പരിശോധനകളിലൂടെ പൊലീസ് കൊലപാതക കുറ്റം സ്ഥിരീകരിച്ചു. സൈനബ് അടക്കം ഏഴു പേരെ ബലാൽസംഗം ചെയ്തിട്ടുണ്ടെന്ന് പ്രതി കുറ്റം സമ്മതം നടത്തുകയും ചെയ്തു. 12 കേസുകളിൽ ഇയാൾ പ്രതിയായിരുന്നു. കൊല്ലപ്പെട്ട സൈനബിന്‍റെ അയൽവാസിയായിരുന്നു 24കാരനായ ഇംറാൻ അലി.

സൈനബിന്‍റെ കൊലപാതകം പാകിസ്താനിൽ ജനങ്ങളുടെ വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. സൈനബിന് നീതി കിട്ടണമെന്നും പ്രതിയെ പിടികൂടണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭകർ തെരുവിൽ ഇറങ്ങി. പ്രക്ഷോഭകർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയും ചെയ്തു.