ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ തെറിവിളിച്ച മണിയമ്മയെ അറസ്റ്റ് ചെയ്തു

128

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ജാതികൂട്ടി തെറിവിളിച്ച ചെറുകോല്‍ പഞ്ചായത്ത് വടക്കേ പാരൂര്‍ വീട്ടില്‍ പരേതനായ ശിവപിള്ളയുടെ ഭാര്യ മണിയമ്മയെ അറസ്റ്റ് ചെയ്തു. ആറന്മുള പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വീട്ടിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ആറന്മുള പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പറഞ്ഞു. എസ്എന്‍ഡിപി പത്തനംതിട്ട യൂണിയന്‍ മുന്‍ സെക്രട്ടറി വി എസ് സുനില്‍കുമാറിന്റെ പരാതിയില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.ശബരിമല കലാപവും സ്ത്രീകളെ ത‍ടഞ്ഞതുമായി ബന്ധപ്പെട്ട് സംസ്ഥാനമൊട്ടാകെ ആർഎസ്എസ്-ബിജെപി അടക്കമുള്ള സംഘപരിവാർ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനോട് അനുബന്ധിച്ചാണ് മണിയമ്മയ്ക്കെതിരായ നടപടിയും. പത്തനംതിട്ടയില്‍ നായര്‍ സമരത്തില്‍ പങ്കെടുക്കുന്നതിന് ഇടയിലാണ് മണിയമ്മ മുഖ്യമന്ത്രിയെ പേരെടുത്ത് ജാതിത്തെറി വിളിച്ചത്.’ആ ചോക കൂതിമോന്റെ മോന്തയടിച്ചു പറിക്കണം’ എന്നായിരുന്നു മണിയമ്മയുടെ പ്രതികരണം. പിണറായി വിജയന്റെ ഈഴവ (തിയ്യ) ജാതിയെ പരാമർശിച്ചായിരുന്നു ഈ തെറി. ശബരിമല സ്ത്രീപ്രവേശന വിധിയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോഴായിരുന്നു മണിയമ്മ മുഖ്യമന്ത്രിയെ ജാതിത്തെറി വിളിച്ച് ആക്ഷേപിച്ചത്. ഇത് വിവാദമായതോടെ ഇവർ മാപ്പുമായി രം​ഗത്തെത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയോടല്ല, ഈഴവരോടാണ് മണിയമ്മ മാപ്പ് ചോദിച്ചത്. താൻ ഈഴവ സമുദായത്തെ കുറിച്ച് ഒന്നും ചിന്തിച്ചുകൊണ്ടല്ല പറഞ്ഞതെന്നും അയ്യപ്പനെ ഓർത്ത് അങ്ങ് പറഞ്ഞുപോയതാണെന്നുമായിരുന്നു മണിയമ്മയുടെ വാദം.ശബരിമല കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 2061 പേരെയാണ് പൊലീസ് വിവിധയിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇതിൽ നിരവധി സ്ത്രീകളും ഉൾപ്പെടുന്നു. ബാക്കിയുള്ളവർക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും ഇനിയും അറസ്റ്റ് നടക്കുമെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.