‘ശബരിമല വിഷയത്തില്‍ ബോധവത്കരണത്തിനായി ജനുവരി ഒന്നിന് സംസ്ഥാനത്ത് വനിതാ മതില്‍’

87

ശബരിമല വിഷയത്തില്‍ സംഘപരിവാർ സംഘടനകളുടെ സമരത്തിന് ബദലുമായി സംസ്ഥാന സർക്കാർ. ശബരിമല വിഷയത്തില്‍ ബോധവത്കരണത്തിനായി ജനുവരി ഒന്നിന് സംസ്ഥാനത്ത് വനിതാ മതില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക സംഘടനകളുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി ജനറല്‍ കൗണ്‍സില്‍ രൂപീകരിക്കും. രാഷ്ട്രീയ കക്ഷികളുടെ പിന്തുണയും വനിതാ മതിലിനു ഉണ്ടാകും.

സര്‍ക്കാരിന് എല്ലാ സാമൂഹിക സംഘടനകളുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ബിജെപിയെ നേരിടുന്നതിനുള്ള സര്‍ക്കാരിന്റെ പുതിയ ശ്രമമായിട്ടാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പരിപാടികളുടെ സംഘാടനത്തിനായി പ്രത്യേക സമിതിയെയും രൂപീകരിച്ചു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ സമിതി ചെയര്‍മാനാകും. പുന്നല ശ്രീകുമാര്‍ സംഘാടക സമിതി കണ്‍വീനറാകും. ഇരുണ്ട കാലത്തിലേക്ക് പോകാനാകില്ലെന്ന് പ്രഖ്യാപിച്ചാകും വനിതാ മതില്‍ സംഘടിപ്പിക്കുക. സ്ത്രീക്കും പുരുഷനും ഒരേ അവകാശമാണെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുന്നതായും യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.

എസ്എന്‍ഡിപിയും ദളിത് സംഘടനകളും ആദിവാസി ഗോത്രാമഹാസഭയും ഉള്‍പ്പെടെ നിരവധി സാമുദായിക, സാമൂഹ്യ, നവോത്ഥാന സംഘടനകളാണ് യോഗത്തില്‍ പങ്കെടുത്തത്.

സ്ത്രീകളെ അണിനിരത്തിയാണ് ബിജെപി ശബരിമല വിഷയത്തില്‍ സമരം സംഘടിപ്പിച്ചിരുന്നത്. ഇതിനെ മറികടക്കുന്നതിനാണ് പുതിയ നീക്കത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായിരിക്കുന്നത്.