ശബരിമല; തന്ത്രങ്ങളില്‍ ചുവട് പിഴച്ച് ബിജെപി, അടിതെറ്റി കോണ്‍ഗ്രസും

73

ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമല ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയിലൂടെ കേരളത്തിന്‍റെ രാഷ്ട്രീയാന്തരീക്ഷത്തെ ചൂട് പിടിപ്പിച്ച ബിജെപിക്ക് ഒടുവില്‍ ചുവട് പിഴച്ചു. കോഴിക്കോട് യുവമോര്‍ച്ചാ യോഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള നടത്തിയ പ്രസംഗമാണ് ബിജെപിയെ പ്രതിരോധത്തിലാക്കിയത്.

പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കാനായിട്ടാണ് താന്‍ അത്തരത്തില്‍ പ്രസംഗിച്ചതെന്ന് പി.എസ്.ശ്രീധരന്‍ പിള്ള തന്നെ പിന്നീട് വ്യക്തമാക്കുകയും ചെയ്തു. ഇതുവരെ വിശ്വാസികളുടെ ആചാര സംരക്ഷണത്തിനായി തങ്ങള്‍ നിലകൊള്ളുകയാണെന്നായിരുന്നു ബിജെപി വാദിച്ചിരുന്നത്. ബിജെപിയുടെ ഈ വാദമാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്.

ഐജി എസ്. ശ്രീജിത്ത് രണ്ട് യുവതികളുമായി സന്നിധാനത്തിലേക്ക് നീങ്ങിയപ്പോള്‍ തന്ത്രി കണ്ഠരര് രാജീവര് തന്നെ വിളിച്ചെന്നും നടയടച്ചാല്‍ കോടതിയലക്ഷ്യമാകുമോ എന്ന് ചോദിച്ചെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു. നടയടക്കാമെന്ന് താന്‍ പറഞ്ഞെന്നും എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ആയിരങ്ങള്‍ കൂടെയുണ്ടാകുമെന്നും തന്ത്രിയോട് പറഞ്ഞതായി ശ്രീധരന്‍ പിള്ള യോഗത്തില്‍ പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തന്ത്രി കണ്ഠരര് രാജീവര് നടയടച്ചതെന്നുമാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്.

മാത്രമല്ല, ശബരിമല വിഷയത്തില്‍ ബിജെപിയുടേത് രാഷ്ട്രീയ മുതലെടുപ്പാണെന്ന് പ്രസംഗമദ്ധ്യേ ശ്രീധരന്‍ പിള്ള വിശദീകരിക്കുന്നുണ്ട്.  ” ഇക്കഴിഞ്ഞ മലയാള മാസം ഒന്നാം തീയതി മുതൽ അഞ്ചാം തീയതി വരെ, 17 മുതൽ 28 വരെയുള്ള സമരം… ഏതാണ്ട് ബിജെപിയാണ് അത് പ്ലാൻ ചെയ്ത് നടപ്പാക്കിയത് ”  പി.എസ്.ശ്രീധരന്‍ പിള്ള കോഴിക്കോട് പറഞ്ഞു.

ശബരിമലയില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയായിരുന്നെന്ന് വ്യക്തമായതോടെ കോണ്‍ഗ്രസും പ്രതിരോധത്തിലായി. വിശ്വാസികളുടെ പ്രശ്നമാണ് ശബരിമലയിലേതെന്നും അതിനാല്‍ എന്ത് വിലകൊടുത്തും പ്രതിരോധിക്കുമെന്നുമായിരുന്നു ഇതുവരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നത്. ഇതോടെ ശബരിമല വിഷയത്തില്‍ ബിജെപിയുടെ ബി ടീമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചെതെന്ന ആരോപണത്തിനും ബലമേറി.

ശബരിമലയില്‍ ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് തെളിഞ്ഞെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ രമേശ് ചെന്നിത്തലയുടെ പ്രതികരണം. ജനങ്ങളോട് ബിജെപി മറുപടി പറയേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയിലെ ബിജെപിയുടെ രാഷ്ട്രീയമുതലെടുപ്പ് പുറത്തായതോടെ കോണ്‍ഗ്രസും പ്രതിരോധത്തിലായി. ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധി സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനോട് വ്യക്തിപരമായി യോജിപ്പാണെന്ന് പറഞ്ഞപ്പോഴും ശബരിമലയിലേത് വിശ്വാസത്തിന്‍റെ പ്രശ്നമാണെന്നും വിശ്വാസികളുടെ കൂടെയാണ് കേരളത്തിലെ കോണ്‍ഗ്രസെന്നുമായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിലൂടെ പുറത്ത് വന്നത് സംഘപരിവാര്‍ അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസികളുടെ പേരില്‍ കേരളത്തില്‍ കലാപമുണ്ടാക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് ശ്രീധരന്‍പിള്ള തന്നെ വ്യക്തമാക്കുകയാണ് ചെയ്തത്. വിശ്വാസികളുടെ ഇടപെടലല്ല ഉണ്ടായതെന്നും ബിജെപിയുടെ രാഷ്ട്രീയ ഇടപെടലാണ് ശബരിമല പ്രക്ഷോഭത്തില്‍ കണ്ടതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

പി.എസ്‌.ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗം ഭരണഘടനാവിരുദ്ധമാണെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനന്‍ എ.വിയരാഘവന്‍ പറഞ്ഞു. തന്ത്രിയുമായി ഗുഢാലോചന നടത്തി ശബരിമലയില്‍ ചോരപ്പുഴ ഒഴുക്കാനുള്ള ഗൂഢപദ്ധതിയാണ്‌ അദ്ദേഹം തയ്യാറാക്കിയതെന്ന്‌ വാക്കുകളില്‍ വ്യക്തമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. വിശ്വാസ സമൂഹത്തോട് ശ്രീധരന്‍ പിള്ള മാപ്പ് പറയണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഇതിനിടെ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ളയ്ക്കെതിരെ നിരവധി പരാതികളാണ് കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ചത്. സാമുദായിക ഐക്യം തകര്‍ക്കാനും കലാപത്തിന് ആഹ്വാനം ചെയ്തെന്നും കാണിച്ചായിരുന്നു പരാതി.