ശബരിമല: കണക്കുകള്‍ പിഴച്ച ബി.ജെ.പിയിലെ അണികള്‍ക്കിടയില്‍ ഭിന്നത രൂക്ഷം; സമരത്തിന്റെ ശക്തി ചോര്‍ന്നു; അറസ്റ്റ് വരിക്കാന്‍ ധൈര്യമില്ലാതെ നേതാക്കള്‍

103

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ബിജെപിയുടെ കണക്കുകൂട്ടലുകളെല്ലാം പിഴയ്ക്കുന്നു. യുവതീപ്രവേശന വിധി നടപ്പാക്കുന്നതിന്റെ തുടക്കത്തില്‍ കത്തിക്കയറിയ ബിജെപിക്ക് പക്ഷേ സര്‍ക്കാരിന്റെ കര്‍ക്കശ നിലപാടുകള്‍ക്ക് മുമ്പില്‍ അടിയറവ് പറയേണ്ടി വന്നു. ശബരിമല വിഷയത്തിന്റെ തുടക്കത്തില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാരെ ഒപ്പം കൂട്ടാന്‍ സാധിച്ചിരുന്ന ബിജെപിക്ക് ഇവരെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചില്ല.

നിലപാടുകളിലെ കൃത്യതയില്ലായ്മയും സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ ‘മുതലെടുപ്പ് പ്രസംഗവും’ വന്നതോടെ അതുവരെ ഭക്തിമാര്‍ഗത്തില്‍ ബിജെപിക്കൊപ്പം പ്രതിഷേധത്തിനെത്തിയവര്‍ പിന്‍വലിഞ്ഞു. ഇതോടെ, പാര്‍ട്ടിയുടെ സമരത്തിന്റെ ശക്തിയും കുറഞ്ഞു. അതേസമയം, പൊലീസിനെ കൃത്യമായി സര്‍ക്കാര്‍ ഉപയോഗിച്ചതും ബിജെപിയെ വെട്ടിലാക്കി.

സമരത്തിന്റെ ശക്തി ചോര്‍ന്നുവെന്ന് പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതോടെ ബിജെപിയുടെ നേതാക്കള്‍ക്കിടിയല്‍ തന്നെ പേടി കുടുങ്ങിയെന്നും സൂചനയുണ്ട്. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് പുറത്തിറങ്ങാന്‍ സാധിക്കാത്ത വിധം പൂട്ടിയ പൊലീസ് നടപടി ബാക്കിയുള്ള നേതാക്കള്‍ക്ക് നെഞ്ചിടിപ്പേറ്റുന്നു.

ഇക്കാരണം കൊണ്ട് തന്നെ അറസ്റ്റ് വരിക്കാന്‍ നേതാക്കള്‍ക്ക് ധൈര്യമില്ലെന്നും പാര്‍ട്ടിയില്‍ വിമര്‍ശനമുണ്ട്. ഇക്കാരണങ്ങളെല്ലാം അണികള്‍ക്കിടയില്‍ തന്നെ ഭിന്നത രൂക്ഷമാക്കി. ശബരിമല ഇപ്പോള്‍ പൊലീസ് വരുതിയിലാണെന്നും ഗ്രൂപ്പ് ഭേദമന്യേ വിമര്‍ശനമുയര്‍ന്നു.

ശബരിമല വിഷയം ലോക്‌സഭ തിരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടുപോകണമെന്ന ദേശീയനേതൃത്വത്തിന്റെ നിര്‍ദേശം നടപ്പാക്കാനാകാത്ത അവസ്ഥയിലാണ് ബി.ജെ.പിയെന്ന് ഒരുവിഭാഗം സമ്മതിക്കുന്നു. കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് നിരവധി കേസുകളില്‍ കുടുക്കിയിട്ടും കാര്യമായി പ്രതിഷേധിക്കാന്‍ നേതൃത്വത്തിന് സാധിച്ചില്ല. ക്ലിഫ്ഹൗസ് മാര്‍ച്ച് പ്രതീക്ഷിച്ച വിജയം കണ്ടതുമില്ല. നേതാവിനെ അറസ്റ്റ് ചെയ്തിട്ടും നിഷ്‌ക്രിയരായിരിക്കുന്ന നേതൃത്വത്തെ വിശ്വസിച്ച് എങ്ങിനെ രംഗത്തിറങ്ങുമെന്നാണ് പ്രവര്‍ത്തകരുടെ ആശങ്ക.

ശബരിമല പ്രതിഷേധം നിലയ്ക്കലിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒന്നുംചെയ്യാന്‍ കഴിഞ്ഞില്ല. സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ സംസ്ഥാന പ്രസിഡന്റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ രാഷ്ട്രീയ ഒത്തുകളിയുണ്ടെന്ന് ചിലര്‍ ആരോപിക്കുന്നു. ശബരിമല വിഷയത്തില്‍ ബി.ജെ.പി പിന്നോക്കംപോകുകയും യു.ഡി.എഫ് നേട്ടമുണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നെന്ന വിലയിരുത്തലുമുണ്ട്. നിയമസഭ സമ്മേളനം തുടങ്ങിയ സാഹചര്യത്തില്‍ ഈ വിഷയം കോണ്‍ഗ്രസ്-സി.പി.എം പോരായി മാറാം. ആ സാഹചര്യത്തെ അതിജീവിക്കാന്‍ പുതിയ തന്ത്രം മെനയണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയരുന്നു.