ശബരിമലയിൽ സ്ത്രീകളെ എത്തിക്കുന്നതിനുള്ള കരാറെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി

52
നാലാളിൽ കൂടുതൽ പേർ ചേർന്ന് നടക്കാൻ പാടില്ല എന്നതല്ല ശബരിമലയിലെ നിരോധനാജ്ഞയെന്നും അദ്ദേഹം പറഞ്ഞു. ശരണം വിളിക്ക് നിരോധനമെന്ന പ്രചാരണം ശരിയല്ല. ശബരിമലയിൽ ജാഥ നടത്താതിരിക്കാനാണ് നിരോധനാജ്ഞ. നിരോധനാജ്ഞ എന്നത് സംഘർഷം ഒഴിവാക്കാനുള്ളതു കൂടിയാണ്. അവിടെ തടസങ്ങൾ ഉണ്ടാകരുത്. പൊതുവിൽ അവിടെ നിരോധനാജ്ഞയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആളുകൾ കൂടി നിൽക്കുന്നതിനോ, കൂട്ടായി പ്രാർത്ഥിക്കുന്നതിനോ ഒന്നും അവിടെ തടസമില്ല. നല്ല നിലയ്ക്ക് ആളുകൾ കയറി പോകുന്നുണ്ട്. അതിനൊന്നും അവിടെ തടസമില്ല. ഇനിയുള്ള ദിവസങ്ങളിൽ ആള് വർദ്ധിക്കും. ഭക്തരുടെ ഒരു ഇരച്ചുകയറ്റം തന്നെ അവിടെ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രവർത്തനമാണ് സർക്കാർ തയ്യാറാക്കിയിരിക്കുന്നത്.
ശബരിമലയിൽ സ്ത്രീകളെ എത്തിക്കുന്നതിനുള്ള കരാർ സർക്കാർ ഏറ്റെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. “ഞങ്ങള് അവിടെ സ്ത്രീകളെ എത്തിക്കുന്നതിനുള്ള കരാറെടുത്തിട്ടില്ല. സുപ്രീംകോടതി വിധിയനുസരിച്ച് പോകാൻ തയ്യാറാകുന്ന സ്ത്രീകളുണ്ടെങ്കിൽ അവർ പോകുക. അങ്ങനെ വരുന്നവർക്ക് സംരക്ഷണം കൊടുക്കാമെന്നത് മാത്രമാണ് സർക്കാരിന് ചെയ്യാനുള്ളത്. അവിടെ സ്ത്രീകളെ എത്തിക്കുന്നതിന് യാതൊരുവിധ നടപടിയും എടുക്കുന്നില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ കുറച്ചാളുകളെ എത്തിക്കാൻ യാതൊരു പ്രയാസവും ഉണ്ടാകില്ലെന്ന് അറിയാമല്ലോ. അങ്ങനെയൊരു കാര്യം ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. അത് വിശ്വാസികളുടെ കാര്യമാണ്. പോകാൻ തയ്യാറെടുക്കുന്നവർ ഉണ്ടാകും,പോകേണ്ടെന്ന് വിചാരിക്കുന്നവരുണ്ടാകും. അത് അവരുടെ കാര്യമാണ്” – മുഖ്യമന്ത്രി പറഞ്ഞു.