‘ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കിയതില്‍ ഒന്നാം സ്ഥാനം ബിജെപിയ്ക്ക്’; ആത്മീയത മാര്‍ക്കറ്റ് ചെയ്യലാണ് ലക്ഷ്യമെന്ന് വെള്ളാപ്പള്ളി

87

ശബരിമല വിഷയത്തില്‍ ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഎസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വീണ്ടും. ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കിയതില്‍ ഒന്നാം സ്ഥാനം ബിജെപിയ്ക്കാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. രണ്ടാം സ്ഥാനം കോണ്‍ഗ്രസിനാണ്. ആത്മീയത മാര്‍ക്കറ്റ് ചെയ്യലാണ് ബിജെപിയുടെ ലക്ഷ്യം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെയുള്ള ഭൂരിഭാഗം കേസുകളും കള്ളക്കേസുകളാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ക്ഷേത്രങ്ങളില്‍ ആധിപത്യം സ്ഥാപിക്കാനും നിലനിര്‍ത്താനുമുള്ള ശ്രമമാണ് ശബരിമലയെയും ആത്മീയതയെയും വിശ്വാസത്തെയും ആയുധമാക്കി രണ്ടാം വിമോചനസമരം ആഗ്രഹിക്കുന്നവര്‍ നടത്തുന്നതെന്നും വെള്ളാപ്പള്ളി മുന്‍പ് വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ ദളിത് മേല്‍ശാന്തിയെ നിയമിക്കുന്നതിനുള്ള പരിശ്രമം എസ്എന്‍ഡിപി യോഗം ഏറ്റെടുക്കുമെന്നും ശബരിമലയില്‍ ദളിതന്‍ മേല്‍ശാന്തിയാകണമെന്നത് സ്വപ്‌നം മാത്രമാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സുപ്രീംകോടതി വിധി നടപ്പാക്കുകയെന്ന കടമയാണ് പിണറായി സര്‍ക്കാര്‍ നിറവേറ്റുന്നത്. വിധി നിയമപരമായി ചോദ്യംചെയ്യുന്നതിന് പകരം സമരവുമായി ഇറങ്ങിയതിന് പിന്നില്‍ ഭക്തിയല്ല, വരേണ്യവര്‍ഗ രാഷ്ട്രീയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോടതിവിധി എന്തായാലും നടപ്പാക്കുമെന്ന സര്‍ക്കാര്‍ നിലപാട് ഭരണഘടനാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.