ശബരിമലയില്‍ അക്രമം നടത്താന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ആയിരം സംഘപരിവാര്‍ പ്രൊഫൈലുകള്‍ പൊലീസ് നിരീക്ഷണത്തില്‍; 40 പേര്‍ക്കെതിരെ കേസ്; ഇന്റർപോൾ സഹായത്തോടെ അറസ്റ്റ് ചെയ്യും

123

സുപ്രീം കോടതി വിധിയുണ്ടെങ്കിലും ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ കലാപം നടത്താന്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ പൊലീസ് ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത 40 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

സംഭവത്തില്‍ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമിനാണ് അന്വേഷണ ചുമതല. ഇത്തരത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ആയിരത്തോളം പേരുടെ പ്രെഫൈലുകള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഹൈടെക് സെല്ലിന്റെയും ജില്ലാ സൈബര്‍ സെല്ലുകളുടെയും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുക്കുന്നത്.

അക്രമത്തിന് ആഹ്വാനം ചെയ്ത മിക്ക പ്രൊഫൈലുകളും വ്യാജ പേരിലുള്ളതാണ്. പോസ്റ്റുകള്‍ പ്രചരിപ്പിച്ചവരുടെ പട്ടിക തയ്യാറാക്കിയശേഷം പൊലീസ് ഫെയ്സ്ബുക്കിന് അയച്ചു കൊടുക്കും.

പൊതുജനങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുന്ന പോസ്റ്റുകളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കേസില്‍ നിന്നു രക്ഷപ്പെടാനായി വിദേശ രാജ്യങ്ങളില്‍ നിന്നാണു പോസ്റ്റുകള്‍ കൂടുതലായും പ്രചരിപ്പിക്കുന്നത്. ഇത് അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു. എന്നാല്‍ വിദേശത്ത് ജോലി ചെയ്യുന്നവരുടെ ഭരണകൂടവുമായി ബന്ധപ്പെട്ടു ഇവരെ നാട്ടിലെത്തിക്കാനാണു പൊലീസിന്റെ നീക്കം. ഇതിനായി ഇന്റര്‍പോളിന്റെ സഹായം പൊലീസ് തേടിയിട്ടുണ്ട്. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.