ശബരിമലയില്‍നിന്ന് ബിജെപി സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റി; 15 ദിവസത്തേക്ക് നിരാഹാര സമരം; ആദ്യ ഊഴം എഎന്‍ രാധാകൃഷ്ണന്

52

ശബരിമലയില്‍ നിന്ന് ബിജെപി സമരം സെക്രട്ടേറിയറ്റിലേക്ക് മുന്നിലേക്ക് മാറ്റുന്നു. തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാര സമരം തുടങ്ങും. 15 ദിവസത്തേക്കാണ് നിരാഹാര സമരം. ആദ്യ ഘട്ടത്തില്‍ എഎന്‍ രാധാകൃഷ്ണനാണ് നിരാഹാരമിരിക്കുക.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ബിജെപി നേതാവ് കെ സുരേന്ദ്രനെതിരായ കേസ് റദ്ദാക്കുന്നത് ഉള്‍പ്പെടെ നാല് ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഓരോ ദിവസത്തെയും സമരത്തിന്റെ ഉത്തരവാദിത്തം ഓരോ ജില്ലകള്‍ക്കാണ്. പിഎസ് ശ്രീധരന്‍പിളളയാണ് ഇക്കാര്യം അറിയിച്ചത്.

കണ്ണൂരില്‍ പ്രചരിച്ചത് ബിജെപിയുടെ സര്‍ക്കുലറല്ലെന്നും ശ്രീധരന്‍പിളള പറഞ്ഞു. സര്‍ക്കുലര്‍ പ്രചരിപ്പിച്ച സിപിഐഎമ്മിനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിരാഹാരസമരത്തിന് പുറമേ സംസ്ഥാനവ്യാപകമായി പഞ്ചായത്തുതലം മുതല്‍ ബി.ജെ.പി സമരപരിപാടികള്‍ സംഘടിപ്പിക്കും. ശബരിമലയെ സംരക്ഷിക്കുക എന്നാവശ്യവുമായി ഒരുകോടി ഒപ്പുശേഖരണം നടത്തുമെന്നും പി.എസ്. ശ്രീധരന്‍രപിള്ള വ്യക്തമാക്കി.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെതിരെ സന്നിധാനത്തും പമ്പയിലും നടത്തിവന്ന സമരങ്ങളില്‍ നിന്നും ബിജെപി പിന്മാറുന്നുവെന്ന് രാവിലെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്നും വ്യാപക വിമര്‍ശനങ്ങള്‍ സമരത്തിനെതിരെ ഉണ്ടാകുന്ന സാഹചര്യം മുന്‍നിര്‍ത്തിയുമാണ് ബിജെപി നീക്കം.

സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ നടത്തിയിരുന്ന പ്രതിഷേധങ്ങള്‍ക്ക് പകരം സംസ്ഥാന വ്യാപകമായി സമരങ്ങള്‍ നടത്താനാണ് നീക്കം.യുവമോര്‍ച്ച ഇന്ന് നിലയ്ക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്താനിരുന്ന മാര്‍ച്ചും ഉപേക്ഷിച്ചിട്ടുണ്ട്.

ശബരിമലയിലും പരിസരങ്ങളിലും പ്രതിഷേധങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെ തുടര്‍ന്നാണ് മാര്‍ച്ച് റദ്ദാക്കിയതെന്നാണ് ജില്ലാനേതാക്കള്‍ ഇതിനെക്കുറിച്ച് വിശദീകരിച്ചത്.

നേരത്തെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരല്ല ബിജെപിയുടെ സമരമെന്ന് ശ്രീധരന്‍പിളള പറഞ്ഞിരുന്നു. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരാണ് സമരമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാദം. തുടര്‍ന്ന് സര്‍ക്കാരിനെതിരായാണ് സമരമെങ്കില്‍ സന്നിധാനത്ത് നിന്നും സെക്രട്ടേറിയറ്റിന് മുന്നില്‍ വന്ന് സമരം ചെയ്യണമെന്ന് മുഖ്യമന്ത്രി അടക്കമുളളവര്‍ പറഞ്ഞിരുന്നു.