ശക്തമായ മഴയെ തുടർന്ന് കോഴിക്കോട് വനമേഖലയിൽ ഉരുൾപൊട്ടൽ

275

കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയില്‍ വനമേഖലയില്‍ ഉരുള്‍പൊട്ടല്‍.മുത്തപ്പന്‍പുഴ, തേന്‍പാറ എന്നിവിടങ്ങളിലാണ് ഇന്നലെ വൈകീട്ടോടെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. വീടുകളില്‍ വെളളം കയറിയതിനെ തുടര്‍ന്ന് 10 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ ജില്ലാ കളക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

ആനക്കാംപൊയില്‍ വനമേഖലയില്‍ പകല്‍ സമയത്ത് പെയ്ത കനത്ത മഴയിലാണ് ഉരുള്‍പൊട്ടിയത്. തേന്‍പാറ, മറിപ്പുഴ എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെളളത്തിന്റെ ശക്തമായ ഒഴുക്കാണ് രൂപപ്പെട്ടു. വെളളപ്പൊക്കത്തില്‍ താഴ്ന്ന പ്രദേശങ്ങളിലെ 6 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. വീടുകളില്‍ വളളം കയറിയതിനെ തുടര്‍ന്ന് ഇവരുള്‍പ്പടെ 10 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

സ്ഥലത്ത് ഫയര്‍ഫോഴ്‌സ് പോലീസ് സംവിധാനങ്ങള്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. മണ്ണൊലിപ്പില്‍ കൃഷി നാശം ഉണ്ടായിട്ടുണ്ട്, ആളപായമില്ല. പുല്ലൂരാംപാറ നെല്ലിപ്പൊയില്‍ റോഡില്‍ 3 കിലോമീറ്റര്‍ ദൂരം വെളളം കയറി, ഈ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.

തുഷാരഗിരി വിനോദ സഞ്ചാരകേന്ദ്രത്തിലും കനത്ത മഴയില്‍ നാശനഷ്ടമുണ്ടായി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇരുവഞ്ഞിപ്പുഴയിലും ചാലിയാറിലും ജലനിരപ്പ് ഉയര്‍ന്നു. മഴ തുടരുന്നതും ഉരുള്‍പൊട്ടല്‍ സാഹചര്യവും കണക്കിലെടുത്ത് കോഴിക്കോട് ജില്ലയുടെ മലയോര മേഖലയില്‍ ജില്ലാ കളക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.