വോള്‍വോയുടെ ഏറ്റവും ചെറിയ എസ്‌യുവി XC 40 ജൂലായ് നാലിനെത്തും

ആഡംബരത്തിന്റെ സെഡാന്‍ രൂപങ്ങളില്‍ നിന്ന് വോള്‍വോയുടെ ചെറുകാറുകളിലേക്കുള്ള മാറ്റമാണ് XC 40

157

കാത്തിരിപ്പിനൊടുവില്‍ സ്വീഡിഷ് തറവാട്ടില്‍ നിന്നുള്ള വോള്‍വോ XC 40 എസ്.യു.വി ജൂലായ് നാലിന് ഇന്ത്യയില്‍ പുറത്തിറക്കും. വോള്‍വോയുടെ ഏറ്റവും ചെറിയ എസ്.യു.വി എന്ന ഖ്യാതിയോടെയാണ് XC 40 എത്തുന്നത്. പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന വാഹനത്തിന്‌ ഇവിടെ ഏകദേശം 40 ലക്ഷത്തിനുള്ളിലായിരിക്കും വിപണി വില. കൃത്യമായ വില ലോഞ്ചിങ് വേളയില്‍ മാത്രമേ കമ്പനി വ്യക്തമാക്കു. വാഹനത്തിനുള്ള ഔദ്യോഗിക പ്രീ ബുക്കിങ് വിവിധ വോള്‍വോ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.

ആഡംബരത്തിന്റെ സെഡാന്‍ രൂപങ്ങളില്‍ നിന്ന് വോള്‍വോയുടെ ചെറുകാറുകളിലേക്കുള്ള മാറ്റമാണ് XC 40. വോള്‍വോയുടെ കോംപാക്ട് മോഡുലാര്‍ ആര്‍ക്കിടെക്ച്ചര്‍ പ്ലാറ്റ്‌ഫോമിലാണ് XC 40-യുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. മുന്‍ഭാഗത്തെ ഗ്രില്ലും എല്‍.ഇ.ഡി ഹെഡ്‌ലൈറ്റും XC 60-യെ ഓര്‍മ്മപ്പെടുത്തും. രൂപത്തില്‍ ചെറുതാണെങ്കിലും മുന്തിയ എസ്.യു.വികളുടെ ലക്ഷ്വറി രൂപഘടന ഉള്‍വശത്തും പ്രകടമാകും. 9.0 ഇഞ്ചാണ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. റോഡുകളിലേക്ക് നല്ലവണ്ണമുള്ള കാഴ്ചയ്ക്കായി ഉയര്‍ന്ന സീറ്റിങ്ങ് പൊസിഷന്‍ എന്നിവയാണ് പ്രധാന സവിശേഷത.

ആദ്യ ഘട്ടത്തില്‍ 190 ബിഎച്ച്പി കരുത്തേകുന്ന 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനോടെയാകും XC 40-യുടെ ഇന്ത്യന്‍ അരങ്ങേറ്റം. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എല്ലാ വീലിലേക്കും ഒരുപോലെ കരുത്തെത്തിക്കും. തങ്ങളുടെ വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും നല്‍കാത്തവരാണ് വോള്‍വോ. ആ പാരമ്പര്യം ഉള്‍ക്കൊണ്ട് സുരക്ഷയിലും XC 40 വമ്പനാണ്.

പൈലറ്റ് അസിസ്റ്റ് സിസ്റ്റം, സിറ്റി സേഫ്റ്റി, റണ്‍ ഓഫ് റോഡ് പ്രൊട്ടക്ഷന്‍, ക്രോസ് ട്രാഫിക് അസിസ്റ്റ്, എബിഎസ്, ഇബിഡി, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ നല്‍കിയിട്ടുണ്ട്. ഡ്രൈവിങ്ങിനിടയില്‍ സംഭവിക്കാവുന്ന അപകടങ്ങള്‍ മുന്‍കൂട്ടി കാണുന്നതാണ് വാഹനത്തിന്റെ പ്രത്യേകതകളിലൊന്ന്. കാല്‍നടയാത്രക്കാര്‍, റോഡ് തടസ്സമുണ്ടാക്കുന്ന വസ്തുക്കള്‍, എന്നിവയ്ക്ക് പുറമെ റോഡിന് കുറുകെചാടാനൊരുങ്ങുന്ന മൃഗങ്ങളെക്കുറിച്ച് പോലും മുന്നറിയിപ്പ് തരാന്‍ വാഹനത്തിന് കഴിയും. ഈ അവസ്ഥയില്‍ മുന്നറിയിപ്പ് തരുകയും വേണമെങ്കില്‍ സ്വയം വാഹനം നിയന്ത്രിക്കുകയും വരെ ചെയ്യും.