വീടിന്റെ ടെറസ് വിറ്റു കാശാക്കാം. വൈദ്യുതി വകുപ്പിൽ നിന്ന് ഇന്റർനെറ്റ് കണക്‌ഷനെടുക്കാം- പുത്തിയ പദ്ധതികളുമായി കെ എസ് ഇ ബി

367

വീടിന്റെ ടെറസ് വിറ്റു കാശാക്കാം. വൈദ്യുതി വകുപ്പിൽ നിന്ന് ഇന്റർനെറ്റ് കണക്‌ഷനെടുക്കാം. ഇതെന്തൊക്കെയാ പറയുന്നത് എന്നു ചോദിക്കാൻ വരട്ടെ. അടിമുടി മാറ്റങ്ങളോടെ സ്മാർട്ടാകുന്ന കെഎസ്ഇബിയിൽ ഉപഭോക്താക്കൾക്ക് ഒരുക്കിയിരിക്കുന്ന പുതിയ സൗകര്യങ്ങളിൽ ചിലതു മാത്രമാണിവ.

പുരപ്പുറ സോളർ വൈദ്യുതി പദ്ധതിയുടെ പേര് സൗര എന്നാണ്. പദ്ധതിയിലൂടെ 1000 മെഗാവാട്ട് വൈദ്യുതി ഉൽപാദനമാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. കെഎസ്ഇബിയുടെ മേൽനോട്ടത്തിലോ നമ്മുടെ വീടിന്റെ ടെറസുകളിൽ ഉപഭോക്താക്കൾക്കു നേരിട്ടോ പദ്ധതി നടപ്പാക്കി, വരുമാനം നേടാം. ഉപഭോക്താവിന്റെ പുരപ്പുറത്ത് പൂർണമായും കെഎസ്ഇബിയുടെ ചെലവിൽ സോളർ പാനലുകൾ സ്ഥാപിക്കും. ലഭിക്കുന്ന വൈദ്യുതിയിൽ 10% വൈദ്യുതിയോ തത്തുല്യമായ പണമോ ഉപഭോക്താവിന് നൽകും.

25 വർഷത്തെ ഉടമ്പടി കെഎസ്ഇബിയുമായി വയ്ക്കണം. പണം ഉപഭോക്താവ് തന്നെ മുടക്കുകയാണെങ്കിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി പൂർണമായും ഉപഭോക്താവ് എടുക്കുകയോ ആവശ്യം കഴിഞ്ഞ് മിച്ചം ഉള്ളത് കെഎസ്ഇബിക്ക് വിൽപന നടത്തുകയോ ചെയ്യാം. ഇന്നത്തെ നിരക്കിൽ അഞ്ചര വർഷം കൊണ്ടു മുടക്കുമുതൽ തിരികെ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

ഒരു കിലോവാട്ട് ശേഷിയുടെ സോളർ സ്ഥാപിക്കാൻ 50,000 – 60,000 രൂപയാണ് ചെലവുവരുന്നത്. 10 കിലോവാട്ട് വരെ ശേഷിയുള്ളത് സ്ഥാപിക്കുമ്പോൾ ഒരു കിലോവാട്ടിന് 60,000 രൂപ പ്രകാരവും 10നു മുകളിൽ കിലോവാട്ട് ശേഷിയുള്ളത് സ്ഥാപിക്കുമ്പോൾ ഒരു കിലോവാട്ടിന് 50000 രൂപ പ്രകാരവും ആണെന്നാണ് കണക്കാക്കുന്നത്. ഇതിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സബ്‌സിഡികൾ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ടു ലഭിക്കും.

ഒരു ചെറിയ വീടിനു ശരാശരി രണ്ട് കിലോവാട്ടും വലിയ വീടിന് അഞ്ച് കിലോവാട്ടും വൈദ്യുതി പ്രതിദിനം വേണ്ടിവരുമെന്നാണ് കണക്ക്. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് സൗരോർജ വൈദ്യുതി ലഭിക്കുകയുള്ളുവെന്നതിനാൽ ഈ സമയം മാത്രമേ കറന്റു കിട്ടുകയുള്ളൂ. അപ്പോൾ വീണ്ടും പണം മുടക്കി ബാറ്ററി-ഇൻവെർട്ടർ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന ഭയവും വേണ്ട. കെഎസ്ഇബിയുടെ മേൽനോട്ടത്തിലുള്ള പദ്ധതിയായതിനാൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി നേരിട്ട് പവർ ഗ്രിഡിലേക്കാണ് പോവുക. ഉപഭോക്താവിന് ബോർഡിൽ നിന്ന് വൈദ്യുതി ലഭിക്കുന്നതിനാൽ സമയപ്രശ്നങ്ങൾ ഉണ്ടാവില്ല.

ഈ പദ്ധതിയിൽ ചേരണമെങ്കിൽ ഓൺലൈനായി റജിസ്റ്റർ ചെയ്യണം. അഡ്രസ്- www.kseb.in .സൈറ്റിൽ അനൗൺസ് ചെയ്തപ്പോൾ തന്നെ ഇതിനകം 1927 പേർ റജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഓഗസറ്റ് 31 ആണ് അവസാന തീയതി