‘വില്ലേജ് റോക്ക്‌സ്റ്റാര്‍സ്’ ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി; സെലക്ഷന്‍ നേടിയത് 28 സിനിമകളെ പിന്തള്ളി

174

റിമ ദാസ് സംവിധാനം ചെയ്ത അസമീസ് ചിത്രം വില്ലേജ് റോക്ക്‌സ്റ്റാര്‍സ് 2019 ഓസ്‌കര്‍ അവാര്‍ഡുകള്‍ക്കുള്ള ഇന്ത്യയുടെ ഒഫിഷ്യല്‍ എന്‍ട്രി. തെരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട മറ്റ് 28 സിനിമകളെ പിന്തള്ളിയാണ് ചിത്രം യോഗ്യത നേടിയത്.

ഒരു ഗിറ്റാറിസ്റ്റ് ആവാനുള്ള ആഗ്രഹവുമായി നടക്കുന്ന ധുനു എന്ന അസമീസ് പെണ്‍കുട്ടിയുടെ കഥയാണ് വില്ലേജ് റോക്ക്‌സ്റ്റാര്‍സ്. സിനിമയുടെ ചിത്രീകരണവും ഏറെ പ്രത്യേകതകള്‍ ഉള്ളതായിരുന്നു. സാധാരണ സിനിമകളുടേതുപോലെയുള്ള ചിത്രീകരണസംഘം ഇല്ലാതെയായിരുന്നു ഷൂട്ടിംഗ്. സ്‌റ്റോറി ബോര്‍ഡോ ലൈറ്റിംഗോ ഉണ്ടായിരുന്നില്ല. മാജിക് ലൈറ്റില്‍ (രാവിലെയും വൈകുന്നേരവുമുള്ള സൂര്യപ്രകാശം) ആയിരുന്നു മുഴുവന്‍ ഔട്ട്‌ഡോര്‍ രംഗങ്ങളും ചിത്രീകരിച്ചത്. കുലദ ഭട്യാചാര്യ ഒഴികെ അഭിനയിച്ച എല്ലാവരും സംവിധായികയുടെ ഗ്രാമത്തില്‍ നിന്നുതന്നെ ഉള്ളവരാണ്.ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച തെലുങ്ക് ചിത്രം മഹാനടിയും ജയരാജിന്റെ ഭയാനകവും ഉള്‍പ്പെടെ 28 ചിത്രങ്ങളെ പിന്തള്ളിയാണ് വില്ലേജ് റോക്ക്‌സ്റ്റാര്‍സ് അന്തിമമായി തെരഞ്ഞെടുക്കപ്പെട്ടത്. റാസി, പദ്മാവത്, ഹിച്ച്കി, ഒക്ടോബര്‍, ലവ് സോണിയ, ഗുലാബ്ജാം, പിഹു, കദ്വി ഹവ, ബയോസ്‌കോപ്‌വാല, മന്‍തൊ, 102 നോട്ട് ഔട്ട്, പാഡ്മാന്‍, അജ്ജിസ ന്യൂഡ്, ഗലി ഗുലിയാന്‍ എന്നിവയാണ് 91-ാമത് അക്കാദമി അവാര്‍ഡുകളിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയാവാന്‍ സമര്‍പ്പിക്കപ്പെട്ട ചിത്രങ്ങള്‍.