വിത്തിനായി കൃഷിചെയ്യാം, പണമുണ്ടാക്കാം

103

ഒട്ടേറെ നാടന്‍ വിത്തിനങ്ങളുടെ കലവറയായിരുന്നു നമ്മുടെ കേരളം. ഓരോ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ പച്ചക്കറിവിത്തുകളും നെല്‍വിത്തിനങ്ങളും നമുക്കുണ്ടായിരുന്നു. എന്നാല്‍ പലതും അപ്രത്യക്ഷമായി. ഉള്ളതുതന്നെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പലര്‍ക്കും ഇപ്പോഴും മനസ്സിലായിട്ടില്ല. വിത്തു സംരക്ഷണം മാത്രമല്ല. വിത്തു ശേഖരണവും അവയുടെ വ്യാപകമായ വിതരണവും നമ്മുടെ ലക്ഷ്യമാകണം.

വിത്തിലൂടെ പണമുണ്ടാക്കാം

ജനിതക വ്യതിയാനം നടത്തിയ പരുത്തിവിത്തിലൂടെ മൊണ്‍സാന്റോ എന്ന ആഗോള ഭീമന്‍ ഇന്ത്യയില്‍നിന്ന് കൊയ്‌തെടുത്തത് കോടികളാണ്. അത്രയുമില്ലെങ്കിലും നാടന്‍ വിത്തുകളുടെ ശേഖരണത്തിലൂടെയും അവയുടെ വിപണനത്തിലൂടെയും നമുക്കും പണം ഉണ്ടാക്കാം. വിപണിയില്‍ ലഭ്യമാകുന്ന ഹൈബ്രിഡ് വിത്തുകളുടെ വില വളരെക്കൂടുതലാണ്. ഒരു തവണമാത്രം കൃഷിചെയ്യാവുന്ന തരത്തിലുള്ളതാണത്. 10 ഗ്രാം കയ്പയുടെ വിത്തിന് 160 രൂപയാണ് ചില്ലറ വില്‍പ്പനക്കാര്‍ വിത്തിന് ഈടാക്കുന്നത്. ഓരോ തരം വിത്തിനും വില കൂടുതലാണ്. അങ്ങനെ വിത്തുത്പാദനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാമെന്നു നോക്കാം.

നന്നായി മുളയ്ക്കുന്നതും ജനിതകശുദ്ധിയുള്ളതുമായ വിത്തുകള്‍ ശേഖരിച്ച് കൃഷിയിറക്കുന്നതുവരെ സുരക്ഷിതമായി കേടാവാതെ സൂക്ഷിക്കുകയെന്നതാണ് വിത്തുത്പാദനത്തില്‍ ബാലപാഠം.

കൃഷിയിറക്കാം വിത്തിനായി

വിത്തിനായി മാത്രം കൃഷിയിറക്കുന്ന രീതി പണ്ടുനമുക്കില്ലായിരുന്നു. ഭക്ഷ്യാവശ്യത്തിനായി ഉത്പാദിപ്പിക്കുന്നതില്‍നിന്ന് സൂക്ഷിക്കുന്നതായിരുന്നു അന്ന് നമുക്ക് വിത്തുകള്‍. പലവിത്തുകളും വേനല്‍ക്കാലത്ത് വയലുകളിലും മഴക്കാലത്ത് പറമ്പുകളിലും മാറിമാറി കൃഷിചെയ്തായിരുന്നു പണ്ട് പല വിത്തുകളും കുറ്റിയറ്റുപോവാതെ സൂക്ഷിച്ചിരിക്കുന്നത്.

കൃഷിസ്ഥലം

വിത്തിനായി കൃഷിയിറക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം തറസ്സായതും നല്ല സൂര്യപ്രകാശം ലഭിക്കുന്നതും നല്ല വളക്കൂറുള്ളതുമാകണം. കൃഷിയിടത്തിലെ മണ്ണ് പരിശോധിച്ച് സസ്യത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ട എല്ലാ മൂലകങ്ങളും മണ്ണില്‍ അടങ്ങിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. നല്ല നീര്‍വാര്‍ച്ചയുള്ളതാകണം കൃഷിയിടം.

ഓരോവിളയ്ക്കും അനുയോജ്യമായ കാലാവസ്ഥ, മണ്ണ്, കൃഷിചെയ്യുന്ന ഇനത്തിന്റെ പ്രത്യേകതകള്‍, അവയെ ബാധിക്കുന്ന കീടങ്ങള്‍, രോഗങ്ങള്‍, അവയുടെ നിയന്ത്രണ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് കൃഷിയിറക്കുന്നയാള്‍ നല്ല അറിവ്നേടിയിരിക്കണം. വിത്തിനായി കൃഷിയിറക്കാന്‍ നല്ല മുന്തിയ വിത്തുകള്‍ തന്നെ ഉപയോഗിക്കണം.

ഒന്നിലധികം തരങ്ങള്‍ ഇടകലര്‍ത്തി കൃഷിചെയ്യരുത് അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അവ തമ്മില്‍ നിശ്ചിതമായ അകലം എന്തായാലും പാലിച്ചിരിക്കണം. കലര്‍പ്പുണ്ടെന്ന് തോന്നുന്നതും രോഗകീടബാധയേറ്റതുമായ ചെടികള്‍ തോട്ടത്തില്‍ നിന്ന് നീക്കം ചെയ്യണം. കൃത്യമായ ഇടവേളകളില്‍ തോട്ടത്തിലെ കളകള്‍ പറിച്ചു മാറ്റണം.

ഓരോ കൃഷിയിനത്തിനും വേണ്ട വിളപരിചരണവും ചെടികളുടെ ശുശ്രൂഷയും വിത്തിനായുള്ള കൃഷിയിലും തുടരണം. കൃത്യമായ നനയും സസ്യസംരക്ഷണവും നൈട്രജന്‍, പൊട്ടാഷ് വളങ്ങള്‍ എന്നിവയും കായ്വളര്‍ച്ചയുടെ കാലത്ത് മേല്‍ വളമായിനല്‍കണം.

നമ്മുടെ കാലാവസ്ഥയില്‍ വിത്തുകള്‍ക്കുള്ള കൃഷിയില്‍ വിത്തുകള്‍ വിളവെടുക്കാനുള്ള സമയം സെപ്റ്റംബര്‍ മുതല്‍ ജനുവരിവരെയാണ്. കൃത്യമായ മൂപ്പില്‍ത്തന്നെ വിത്തിനുള്ള കായകള്‍ വിളവെടുക്കണം അല്ലെങ്കില്‍ മറ്റുജീവികള്‍ തിന്നുപോവും. മാത്രമല്ല മൂപ്പു കുടുന്നതും കുറയുന്നതും വിത്തിന്റെ മുളയ്ക്കല്‍ ശേഷിയെ ബാധിക്കും.

വിത്തിനെ സംരക്ഷിക്കാം

പല നാടന്‍ വിത്തുകളും ആറുമാസത്തില്‍ അപ്പുറം നിലനില്‍ക്കുന്നില്ല. ആറുമാസത്തിനിടയ്ക്കാണ് മികച്ച മുളയ്ക്കല്‍ശേഷി വിത്തുകള്‍ പ്രകടിപ്പിക്കാറ്. കൃത്യമായ രീതിയില്‍ത്തന്നെ സംരക്ഷിച്ചാല്‍ അതിന്റെ മുളയ്ക്കല്‍ കാലത്തിന്റെ ദൈര്‍ഘ്യം കൂട്ടാം. സ്യൂഡോമോണസ് ഫ്ളൂറസെന്റ് ഒരു കിലോ വിത്തിന് 50 ഗ്രാം വീതം കലര്‍ത്തി പുരട്ടി ഉണക്കിയെടുത്ത് വിത്തുകള്‍ വിതരണത്തിന് തയ്യാറാക്കാം. പോളിത്തീന്‍ കവറുകളില്‍ കാറ്റുകടക്കാതെ പാക്ക് ചെയ്തും കാറ്റുകടക്കാത്ത ടിന്‍ പാത്രങ്ങളില്‍ സീല്‍ ചെയ്തും അഗ്രി മാര്‍ക്കറ്റുകളില്‍ വിപണനം നടത്തി വിത്തുകൊണ്ട് പണം കൊയ്യാം.