വാണിജ്യകമ്മി; ഇന്ത്യന്‍ സമ്പദ്ഘടന കടമെടുക്കല്‍ ഭീഷണിയില്‍

174

ദിനംപ്രതി രൂപയുടെ മൂല്യം ഡോളറിനെതിരെ തകര്‍ന്നടിയുന്നതും ക്രൂഡിന്‍റെ വിലക്കയറ്റവും രാജ്യത്തെ വലിയ രീതിയില്‍ ആശങ്കയിലാക്കിയിരിക്കുകയാണ്. സെപ്റ്റംബര്‍ 12 ന് രൂപയുടെ മൂല്യം വ്യാപാരത്തിന്‍റെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരായി 72.90 എന്ന നിലയിലേക്ക് വരെ കൂപ്പുകുത്തിയിരുന്നു. ക്രൂഡ് ഓയിലിന്‍റെ വില അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 80 ഡോളറിനടുത്താണിപ്പോള്‍ വ്യാപാരം നടന്നുവരുന്നത്. ഇതോടെ, രാജ്യത്തെ പ്രെട്രോള്‍, ഡീസല്‍ വിലകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലായി.
വിദേശ വ്യാപാരം നില പ്രതിസന്ധിയില്‍

രൂപയുടെ മൂല്യത്തകര്‍ച്ചയും ക്രൂഡിന്‍റെ വിലക്കയറ്റവും രാജ്യത്തെ കൂടുതല്‍ ആശങ്കയിലാക്കാനുളള പ്രധാന കാരണം രാജ്യത്തിന്‍റെ ഉയര്‍ന്ന് നില്‍ക്കുന്ന വ്യാപാരക്കമ്മിയാണ്. ഇന്ത്യയുടെ വിദേശ വ്യാപാര നില ഒട്ടും ഗുണകരമായല്ല മുന്നോട്ട് പോകുന്നത്. വ്യാപാര കമ്മിയെ സംബന്ധിച്ച് ഏറ്റവും ഒടുവിലത്തെ ലഭ്യമായ കണക്കുകള്‍ ജൂലൈ മാസത്തെയാണ്. ജൂലൈയിലെ കണക്കുകള്‍ പ്രകാരം രാജ്യത്തിന്‍റെ കയറ്റുമതി 2577 കോടി ഡോളറാണ്. ഇറക്കുമതി 4379 കോടി ഡോളറും. രാജ്യത്തിന്‍റെ വിദേശ വ്യാപാരക്കമ്മി 1802 കോടി ഡോളറും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ വാണിജ്യക്കമ്മിയാണിത്.

രാജ്യത്തിന്‍റെ വിദേശ വ്യാപാര കമ്മി ഉയര്‍ന്ന് നില്‍ക്കുന്നത് സമ്പദ്ഘടയ്ക്ക് സൃഷ്ടടിക്കുന്ന പ്രതിസന്ധി വലുതാണ്. ക്രൂഡിന്‍റെ അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് പ്രധാനകാരണം.
രാജ്യം വായ്പാ പ്രതിസന്ധിയിലാവുമോ?

വ്യാപാര കമ്മി വര്‍ദ്ധിക്കുന്നത് രാജ്യത്തിന്‍റെ മറ്റൊരു കമ്മി കൂടാനിടയാക്കും. കറന്‍റ് അക്കൗണ്ട് കമ്മിയാണത് (സിഎ‍ഡി). രാജ്യത്തിന്‍റെ വായ്പ ഒഴിച്ചുളള മൊത്തം വിദേശ നാണ്യ ഇടപാടുകളുടെ ബാക്കിപത്രമാണ് കറന്‍റ് അക്കൗണ്ട് കമ്മിയെന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കറന്‍റ് അക്കൗണ്ട് കമ്മി (സിഎഡി) അധികമായാല്‍ കൂടുതല്‍ വായ്പയെടുക്കേണ്ടി വരും. ഇങ്ങനെയുണ്ടായാല്‍ രാജ്യത്തിന്‍റെ ധനസ്ഥിതിക്ക് അത് ഹാനികരമാണ്.

വില കുറഞ്ഞകാലം

അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞു നിന്ന കാലങ്ങളില്‍ രാജ്യത്തിന്‍റെ കറന്‍റ് അക്കൗണ്ട് കമ്മിയും (സിഎഡി) നിയന്ത്രണ വിധേയമായിരുന്നു. 2016 -17 ല്‍ ജിഡിപിയുടെ 0.6 ശതമാനം (1440 കോടി ഡോളര്‍) മാത്രമായിരുന്നു സിഎ‍ഡി. 2017 -18 ല്‍ ഇത് ജിഡിപിയുടെ 1.9 ശതമാനമായി ഉയര്‍ന്നിരുന്നു. അതായത് 4870 കോടി ഡോളര്‍.
സമ്പദ് വ്യവസ്ഥയുടെ നടുവൊടിച്ച് കമ്മി

ഇപ്പോഴത്തെ നിലയില്‍ വ്യാപാര കമ്മി മുന്നോട്ട് പോയാല്‍ സിഎ‍ഡി മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്‍റെ (ജിഡിപി) മൂന്ന് ശതമാനത്തിലേക്ക് വരെ ഉയര്‍ന്നേക്കാം. ഈ അവസ്ഥ രാജ്യത്തെ നയിക്കുക 80,000 കോടി ഡോളറിന്‍റെ ധനകമ്മിയിലേക്കാവും. 40,000 കോടി ഡോളര്‍ മാത്രമാണ് രാജ്യത്തിന്‍റെ വിദേശനാണ്യ ശേഖരം. ഈ സവിശേഷ സാഹചര്യമാണ് രാജ്യത്തിന്‍റെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്നത്.