വനിതാ കമ്മീഷനംഗം ഷഹീദ കമാലിനെ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു

589

കൊല്ലം:പത്തനാപുരത്ത് വനിതാ കമ്മീഷന്‍ അംഗവും പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ഡയറക്ടർ ബോർഡ് അംഗവുമായ ഷഹീദാ കമാലിനെ വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ കാറില്‍ യാത്ര ചെയ്തതിന്‍റെ പേരില്‍കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തന്നെ തടഞ്ഞു നിര്‍ത്തി കൈയേറ്റം ചെയ്തതെന്ന് ഷഹീദ കമാല്‍ പറഞ്ഞു. 
കന്യാസ്ത്രീയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ പത്തനാപുരത്തെ മഠത്തിലേക്ക് പോകുകയായിരുന്നു ഷാഹിദ കമാല്‍. ഇതിനിടയിലാണ് റോഡില്‍ വച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ തടയുന്നത്. ആരായാലും കാറിപ്പോള്‍ കടത്തി വിടില്ലെന്നായിരുന്നു വണ്ടി തടഞ്ഞവരുടെ നിലപാട്.
കാറിന്‍റെ വിന്‍ഡോ ഗ്ലാസുകള്‍ താഴ്ത്താന്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ അതു ചെയ്തില്ല. ഇതോടെ ഇവര്‍ വണ്ടിയുടെ മുന്നിലെ ഗ്ലാസ് അടിച്ചു തകത്തു. തന്നെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും മുടി പിടിച്ചു വലിക്കുകയും ചെയ്തു.

വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പത്തനാപുരം പൊലീസാണ് പിന്നീട് ഷാഹിദാ കമാലിനെ ഇവിടെ നിന്നും കടത്തി വിട്ടത്. സിപിഎം പ്രവര്‍ത്തകരും ഇവിടേക്ക് എത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തുമെന്ന് പത്തനാപുരം പൊലീസ് അറിയിച്ചു. നേരത്തെ കോണ്‍ഗ്രസിലായിരുന്ന ഷാഹിദാ കമാല്‍ നേരത്തെ കാസര്‍ഗോഡ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ആളാണ്. പിന്നീട് അവര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേരുകയായിരുന്നു.
ഷാഹിദാ കമാലിനെ ആക്രമിച്ചതിൽ പി എം എഫ് ഗ്ലോബൽ ഡയറക്ടർ ബോർഡും ഗ്ലോബൽ എക്സിക്യൂട്ടീവ് കമ്മിറ്റിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി . അക്രമികളെ ഉടൻ പിടികൂടണമെന്നും യോഗം ആവശ്യപ്പെട്ടു .
ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട് , ഗ്ലോബൽ കോ- ഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ , ഗ്ലോബൽ പ്രസിഡന്റ് റാഫി പാങ്ങോട് , ഗ്ലോബൽ സെക്രട്ടറി ജോൺ ഫിലിപ്പ് , മീഡിയാ കോ -ഓർഡിനേറ്റർ ഡോ. കെ .കെ . അനസ് തുടങ്ങിയവർ പ്രതിഷേധിച്ചു.