ലോകത്തെ ആദ്യ ഹൗസ് ബോട്ട്റാലി വെള്ളിയാഴ്ച ആലപ്പുഴയിൽ; യാത്ര സൗജന്യം

60

പുന്നമട ഫിനിഷിംഗ് പോയിന്‍റിൽ നിന്നാരംഭിച്ച് കൈനകരിയും ഇരുമ്പനം കായലും ചുറ്റിയുള്ള മൂന്ന് മണിക്കൂർ ഹൗസ് ബോട്ട് യാത്ര. പതിനായിരങ്ങൾ ചെലവ് വരുന്ന ഈ കായൽ സവാരി സൗജന്യമായി ആസ്വദിക്കാനുള്ള സുവർണാവസരം ഒരുക്കുകയാണ് ആലപ്പുഴ ജില്ലാ ഭരണകൂടവും ടൂറിസം പ്രെമോഷൻ കൗൺസിലും.’ബാക്ക് ടൂ ബാക് വാട്ടേഴ്സ് ‘ എന്നു പേരിട്ടിരിക്കുന്ന പരിപാടി ലോക ഗിന്നസ് റെക്കോർഡിൽ ഇടം പിടിക്കുമെന്നാണ് സംഘാടകരുടെ കണക്കു കൂട്ടൽ.

വെള്ളിയാഴ്ച രാവിലെ 11ന് ഫിനിഷിംഗ് പോയിന്‍റിൽ ആരംഭിക്കുന്ന ഹൗസ് ബോട്ട് മഹാറാലിയാണ് പരിപാടിയിലെ ഹൈലൈറ്റ് ഇനം.250 ഹൗസ് ബോട്ടുകളും 100 ശിക്കാര വള്ളങ്ങളും റാലിയിൽ പങ്കെടുക്കും.വിനോദ സഞ്ചാര വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ റാലി ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ എട്ടിന് ആലപ്പുഴ കടൽത്തീരത്തു നിന്ന് ഹൗസ്ബോട്ട് ടെർമിനലിലേക്ക് ബാക്ക് ടൂ ബാക്ക് വാട്ടേഴ്സ് സന്ദേശം വഹിച്ചുള്ള ബൈക്ക് റാലി സംഘടിപ്പിക്കും.

പത്തിന് ജില്ലയുടെ പ്രളയ അതിജീവന കഥ പറയുന്ന ‘അതിജീവനത്തിന്‍റെ നാൾവഴികൾ ‘ഫോട്ടോ പ്രദർശനം ഒരുക്കും.അന്നേദിവസം ഹൗസ് ബോട്ട് യാത്ര ഭക്ഷണം ഉൾപ്പടെ തികച്ചും സൗജന്യമായിരിക്കും. ശാരീരിക അവശതകൾ നേരിടുന്ന സഞ്ചാരികൾക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തും. ഡിടിപിസിയിൽ പേര് രജിസ്റ്റർ ചെയ്യുന്ന സഞ്ചാരികൾക്കാണ് സൗജന്യ യാത്രയ്ക്ക് അവസരം ലഭിക്കുക.

രാഷ്ട്രീയ – സാമൂഹിക- സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർക്കൊപ്പം പ്രളയത്തിൽ രക്ഷാപ്രവർത്തകരായവരും പരിപാടിയിൽ അണിചേരും.പ്രളയത്തോടെ വിനോദ സഞ്ചാര മേഖലയിൽ ഉണ്ടായിട്ടുള്ള മാന്ദ്യത്തിൽ നിന്ന് കരകയറ്റുന്നതിനും ആലപ്പുഴ സുരക്ഷിതമാണെന്ന് ലോകത്തെ അറിയിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇത് പരമാവധി ഗ്രൂപ്പുകളിൽ വിശിഷ്യാ മറ്റു സംസ്ഥാനക്കാരായ ഫ്രണ്ട്സിനും ഷെയർ ചെയ്യുക.