ലോകകപ്പ് കൂടുതൽ ആവേശത്തിലേക്ക്; വിജയം മാത്രം ലക്ഷ്യമിട്ട് വമ്പന്മാർ ഇന്ന് കളിക്കളത്തിൽ

242

ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചപ്പോൾ ഇന്ന് വമ്പന്മാരുടെ പോരാട്ടം. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഫ്രാന്‍സ് അര്‍ജന്റീനയെ നേരിടും. രാത്രി 7:30നാണ് മത്സരം ആരംഭിക്കുക. ലോകകപ്പ് സീസണില്‍ പരാജയങ്ങള്‍ക്കൊടുവില്‍ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ന്നുവന്ന ടീമാണ് അര്‍ജന്റീന. ആദ്യ മത്സരങ്ങളില്‍ മെസ്സിയുടെ പിഴവ് കാരണമാണ് പരാജയം ഏറ്റുവാങ്ങേണ്ടിവന്നതെങ്കില്‍, മെസ്സിയുടെ തിരിച്ചുവരവ് ടീമിന്റെ തിരിച്ചുവരവ് കൂടെയായിരുന്നു. നിര്‍ണായക മത്സരത്തില്‍ മെസ്സി നേടിയ ഗോളാണ് അര്‍ജന്റീനയെ റൗണ്ട് ഓഫ് 16ല്‍ കൊണ്ടെത്തിച്ചത്.ഈ സീസണിലെ പ്രകടനം നോക്കുമ്പോള്‍ ഫ്രാന്‍സിനാണ് മുന്‍‌തൂക്കം കൂടുതല്‍.

11: 30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഉറുഗ്വായ് പോര്‍ച്ചുഗലിനെ നേരിടും. ഈ മത്സരം അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ വിസ്മയിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ടീമുകളാണ് ഉറുഗ്വായും പോര്‍ച്ചുഗലും. തുല്യ ശക്തികളായ രണ്ട് ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്ബോള്‍ ജയം ആര്‍ക്കൊപ്പം നില്‍ക്കും? ഫിഷ്‌ട് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഉറുഗ്വായെ സംബന്ധിച്ച്‌ പരാജയം അറിയാത്ത ടീമാണ്. മൂന്ന് മത്സരങ്ങളില്‍ മൂന്ന് ജയം നേടി ഗ്രൂപ്പ് ചാമ്പ്യാന്മാരായാണ് ഉറുഗ്വായ് റൗണ്ട് ഓഫ് 16 പോരാട്ടത്തിനായി എത്തിയിരിക്കുന്നത്.

റൗണ്ട് ഓഫ് 16ല്‍ ഇടം പിടിച്ച മറ്റ് ടീമുകളാണ് ബ്രസീല്‍, മെക്സിക്കോ, ബെല്‍ജിയം, ജപ്പാന്‍, സ്പെയിന്‍, റഷ്യ,ക്രൊയേഷ്യ, ഡെന്മാര്‍ക്ക്, സ്വീഡന്‍, സ്വിറ്റസര്‍ലാന്‍ഡ്, കൊളംബിയ ഇംഗ്ലണ്ട്. ഫ്രീകിക്കുകളും പെനാല്‍റ്റികളും മത്സര വിധി മാറ്റിമറിച്ചിരിക്കുകയാണ് ഗ്രൂപ്പ് പോരാട്ടത്തില്‍. അതുകൊണ്ട് പ്രീ കോര്‍ട്ടര്‍ റൗണ്ടിലേക്ക് കടന്ന ടീമുകളും താരങ്ങളും കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നത്. താരങ്ങള്‍ സമ്മര്‍ദ്ദം വെടിഞ്ഞ് മത്സരത്തെ എങ്ങനെ സമീപിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ടീമിന്റെ ജയം.