ലുലു ഗ്രൂപ്പ് സൗദി നാഷണൽ ഗാർഡുമായി കരാറിൽ ഒപ്പു വച്ചു

81

ദമ്മാം: പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃഖലയായ ലുലു ഹൈപർമാർക്കറ്റ് സൗദി അറേബ്യൻ നാഷണൽ ഗാർഡ് ഫോഴ്‌സ് (എസ്.എ.എൻ.ജി) യുമായി കരാറിൽ ഒപ്പുവെച്ചു. കരാർ പ്രകാരം ലുലു ഗ്രൂപ്പ് ദമ്മാമിലും ഹസയിലും മികച്ച സജ്ജീകരണങ്ങളോടെ രണ്ട് ഷോപ്പിംഗ് സെൻറ്ററും ഏഴ് സൂപ്പർ മാർക്കറ്റുകളും പ്രവർത്തനമാരംഭിക്കും. ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും താമസിക്കുന്ന ക്യാമ്പുകൾക്കകത്താണ് ഔട്ട് ലെറ്റുകൾ സ്ഥാപിക്കുന്നത്. നാഷണൽ ഗാർഡ് അണ്ടർ സെക്രട്ടറി പ്രിൻസ് മിഷ്അൽ ഇബ്ൻ ബദറും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ദമ്മാം കിംഗ് ഫഹദ് നാഷണൽ ഓഫീസിൽ ചേർന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് ഇരുവരും കരാറിൽ ഒപ്പുവെച്ചത്. സൗദി ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർക്കായുള്ള ഈ കരാറിൽ ലുലു ഗ്രൂപ്പ് തെരെഞ്ഞെടുക്കപ്പെട്ടതിൽ ഏറെ അഭിമാനമുണ്ടെന്നും അധികൃതരോട് നന്ദി അറിയിക്കുന്നതായും എം.എ യൂസുഫലി പറഞ്ഞു. ലോകോത്തര നിലവാരത്തിലുള്ള ഏറ്റവും മികച്ച സേവനം ഈ ശാഖകളിൽ ഉറപ്പുവരുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആറ് മാസത്തിനകം ഈ ശാഖകൾ പ്രവർത്തന സജ്ജമാക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. സാമ്പത്തിക സുസ്ഥിരതക്കും രാജ്യ പുരോഗതിക്കുമായി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ഇബ്ൻ സൽമാനും നൽകുന്ന പിന്തുണ ഏറെ വിലമതിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സൗദി നാഷണൽ ഗാർഡുമായുള്ള ഈ കരാറിലൂടെ സൗദിയുടെ വികസനക്കുതിപ്പിൽ ശ്രദ്ധേയമായ പങ്ക് വഹിക്കാനാവുമെന്ന വലിയ പ്രതീക്ഷയിലാണ് ലുലു മാനേജ്‌മന്റ് .