‘ലീഡർ കുർത്ത’യ്ക്ക് ആവശ്യക്കാരില്ല; യുവാക്കൾക്ക് പ്രിയം ‘സഖാവ്’ ഷർട്ടുകളോട്

273

കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രി ആയിരുന്ന കെ കരുണാകരനെ സ്മരിക്കാൻ ഖാദി ബോർഡ് പുറത്തിയിറക്കിയിരുന്ന ‘ലീഡർ കുർത്ത’യുടെ നിർമാണം നിർത്തുന്നു. ‘ലീഡർ കുർത്ത’യ്ക്ക് ആവശ്യമില്ലെന്ന് ഖാദി ബോർഡി ഉപാധ്യക്ഷ ശോഭന ജോർജ് പറഞ്ഞു. 2004ൽ ആയിരുന്നു ഖാദി ബോർഡ് ‘ലീഡർ കുർത്ത’ പുറത്തിറക്കിയത്. ലീഡറിന്‍റെ അനുസ്മരണാർത്ഥം ലീഡർ ധരിച്ചിരുന്ന രീതിയിലുള്ള കുർത്തയായിരുന്നു പുറത്തിറക്കിയിരുന്നത്.

എന്നാൽ, ലീഡറിന്‍റെ കുർത്തയ്ക്ക് യുവാക്കളെ ആകർഷിക്കാൻ കഴിയുന്നില്ലെന്ന് ശോഭന ജോർജ് പറഞ്ഞു. യുവാക്കൾക്ക് ഇപ്പോൾ ഇഷ്ടം 600 രൂപ മുതൽ വിലവരുന്ന സഖാവ് ഷർട്ടുകളോടാണ്. പുതിയ തലമുറയുടെ താൽപര്യത്തിന് അനുസരിച്ച് മനില, എൻ എം സി തുടങ്ങിയ ഖാദി തുണിത്തരങ്ങളിൽ സഖാവ് ഷർട്ട് ലഭ്യമാണെന്നും ശോഭന ജോർജ് പറഞ്ഞു.

ലീഡർ കുർത്തയ്ക്ക് 216 രൂപയാണ് വില. കലൂർ ഖാദി ടവറിൽ ഇനി ലീഡർ കുർത്തയുടെ 26 പീസുകൾ മാത്രമാണ് ബാക്കിയുള്ളത്. ഉപഹാർ തുണിയിലാണ് ലീഡർ കുർത്ത നിർമിച്ചിരുന്നത്. ഏതായാലും ഇത്തവണത്തെ ഓണം – ബക്രീദ് വിപണി അവസാനിക്കുമ്പോൾ ലീഡർ കുർത്തയും ഓർമ മാത്രമാകും. ആവശ്യക്കാർ കുറവായിരുന്നതിനാൽ കഴിഞ്ഞ നാലു വർഷമായി ലീഡർ കുർത്തയുടെ നിർമാണം നടത്തിയിരുന്നില്ല.