ലക്ഷങ്ങൾ വാഗ്ദാനം ചെയ്തു -ബി.ജെ.പി.ക്കെതിരേ ആരോപണവുമായി കൗൺസിലർമാർ

46

പാലക്കാട്: നഗരസഭയിലെ അവിശ്വാസപരാജയത്തിന് പിന്നാലെ ബി.ജെ.പി.ക്കെതിരേ ആരോപണങ്ങളുമായി പ്രതിപക്ഷ കൗൺസിലർമാർ. ഇടനിലക്കാർ മുഖേനയടക്കം ലക്ഷങ്ങൾ വാഗ്ദാനം ചെയ്തെന്നും ഫോൺ വിളിച്ചും മറ്റും സ്വാധീനിക്കാൻ ശ്രമിച്ചെന്നുമാണ് ആരോപണം. കോൺഗ്രസ് കൗൺസിലർമാരായ ഭാഗ്യം, മണി, ശാന്തി, മുസ്‌ലിംലീഗ് കൗൺസിലർ സാഹീദ എന്നിവരാണ് പത്രസമ്മേളനത്തിനിടെ വെളിപ്പെടുത്തൽ നടത്തിയത്. അവിശ്വാസത്തെ പിന്തുണയ്ക്കരുതെന്നാവശ്യപ്പെട്ട് ബി.ജെ.പി.ക്കുവേണ്ടി ഒരാൾ ഞായറാഴ്ച രാത്രിയടക്കം വീട്ടിൽവന്നെന്നും 15 ലക്ഷം വാഗ്ദാനം ചെയ്തെന്നും മൂന്നാംവാർഡ് കൗൺസിലർ ഭാഗ്യം പറഞ്ഞു. നേതാവല്ല വന്നത്. എന്നാൽ, ബി.ജെ.പി. പ്രവർത്തകനാണ്. മകളുടെ കല്യാണം നടത്തിക്കൊടുക്കാൻ സാമ്പത്തികമായി സഹായിക്കാമെന്നും മകന് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്‌തെന്നും അയാൾ പറഞ്ഞതായി കൗൺസിലർ പറഞ്ഞു.