ലക്ഷങ്ങള്‍ അണി നിരന്ന് വനിതാ മതില്‍. കുറിച്ചത് പുതിയ ചരിത്രം

54

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 670 കിലോമീറ്റര്‍ നീളത്തില്‍ ലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കെടുത്ത് വമ്പന്‍
വിജയമായി വനിതാ മതില്‍

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ മതമേലധ്യക്ഷന്മാര്‍, സമുദായ സംഘടന നേതാക്കള്‍, കന്യാസ്ത്രീകള്‍, സിനിമാ താരങ്ങള്‍, സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങി ലക്ഷക്കണക്കിന് ആളുകള്‍ വിവിധ ജില്ലകളില്‍ മതിലില്‍ അണിചേര്‍ന്നു. പല സ്ഥലങ്ങളിലും മതില്‍ ഒരു വലിയ ആള്‍ക്കൂട്ടം തന്നെയായി മാറി.

670 കിലോമീറ്റര്‍ ഉടനീളം ഒരു സ്ഥലത്തും മുറിയാതെ വനിതാ മതില്‍ സംഘടിപ്പിക്കാന്‍ സംഘാടകര്‍ക്ക് സാധിച്ചു എന്നത് ശ്രദ്ധേയമാണ്. നാല് മണിക്ക് മുമ്പ് തന്നെ റോഡിന്റെ വശങ്ങളില്‍ അണിനിരന്ന വനിതാ പ്രവര്‍ത്തകര്‍ കൃത്യം നാലും മണിക്ക് പ്രതിജ്ഞാവാചകം ഏറ്റുചൊല്ലി. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പോരാടിയ പ്രവര്‍ത്തകരെ പ്രതിജ്ഞയില്‍ അനുസ്മരിച്ചു.

കേരളത്തെ ഒരു ഭ്രാന്താലയമാക്കാന്‍ ഇനിയൊരിക്കലും അനുവദിക്കില്ല എന്നുള്ള ദൃഢപ്രതിജ്ഞയും വനിതാ പ്രവര്‍ത്തകര്‍ എടുത്തു. പിന്നീട്, ഈ ആശയം ഉയര്‍ത്തിപ്പിടിച്ച് പൊതുസമ്മേളനവും നടന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഎസ് അച്യുതാനന്ദന്‍, വൃന്ദ കാരാട്ട്, ആനി രാജ, തോമസ് ഐസക്ക് തുടങ്ങിയ പ്രമുഖ നേതാക്കള്‍ വെള്ളയമ്പലത്തെ വേദിയില്‍ എത്തി. മറ്റു ജില്ലകളിലും പ്രമുഖ നേതാക്കള്‍ വനിതാ മതിലിന്റെ ഭാഗമായി.

കാസര്‍ഗോഡ് ആരോഗ്യമന്ത്രി കെകെ ശൈലജ ആദ്യ കണ്ണിയായി മാറിയപ്പോള്‍ തിരുവനന്തപുരത്ത് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടായിരുന്നു അവസാന കണ്ണി