റുവാണ്ട പ്രസിഡന്റിന് സമ്മാനമായി 200 പശുക്കളുമായി പ്രധാനമന്ത്രി ഇനി ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക്

225

കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തി വിദേശ സന്ദര്‍ശനങ്ങളുടെ ചെലവുകള്‍ കഴിഞ്ഞ ദിവസങ്ങളിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത്. 1,484 കോടി രൂപയായിരുന്നു മോദിയുടെ യാത്രക്കായി ചെലവിട്ടത്. എന്നാല്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയില്‍ അടുത്ത യാത്രക്കുള്ള തയ്യാറെടുപ്പിലാണ് മോദി. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കാണ് ഇത്തവണ മോദിയുടെ സന്ദര്‍ശനം.

തിങ്കളാഴ്ചയാണ് മോദിയുടെ സന്ദര്‍ശനം ആരംഭിക്കുന്നത്. റുവാണ്ട, ഉഗാണ്ട ദക്ഷിണാഫ്രിക്ക എന്നിവടങ്ങിലാണ് സന്ദര്‍ശനം നടത്തുന്നത്. റുവാണ്ടയിലാണ് മോദി ആദ്യം എത്തിച്ചേരുക. റുവാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാന മന്ത്രിയും മോദിയാണ്. ജൂലൈ 23-24 എന്നീ ദിവസങ്ങളില്‍ റുവാണ്ടയും, 24-25 ന് ഉഗാണ്ടയും ശേഷം ദക്ഷിണാഫ്രിക്കയും സന്ദര്‍ശിക്കും.

സന്ദര്‍ശന വേളയില്‍ റുവാണ്ടയ്ക്കായി 200 പശുക്കളെയും മോദി സമ്മാനിക്കും. റുവാണ്ടയിലെ ഗിരിങ്ക പദ്ധതിക്കുവേണ്ടിയാണ് പശുക്കളെ സമ്മാനിക്കുന്നത്. പാവപ്പെട്ടവര്‍ക്കായി ഒരോ പശുവിന് വീതം നല്‍കുന്നതിനുള്ള പദ്ധതിയാണ് ഗിരിങ്ക. മൂന്ന് സ്ഥലങ്ങളിലും സന്ദര്‍ശിച്ചിതനുശേഷം ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുത്താണ് മോദി ഇന്ത്യയിലേക്ക് മടങ്ങുക.