റഫാൽ ഇടപാട്: ഇന്ത്യയുടെ ആത്മാവിനെ മോദി വഞ്ചിച്ചെന്ന് രാഹുല്‍ ഗാന്ധി

121

റഫാല്‍ ഇടപാടില്‍ റിലയൻസിനെ നിർദ്ദേശിച്ചത് ഇന്ത്യയാണെന്ന വെളിപ്പെടുത്തൽ കേന്ദ്ര സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി. റഫാൽ ഇടപാടിൽ ഇന്ത്യയുടെ ആത്മാവിനെ മോദി വഞ്ചിച്ചെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഒരുലക്ഷത്തി മുപ്പതിനായിരം കോടിയുടെ മിന്നലാക്രമണം മോദിയും അനിൽ അംബാനിയും ചേർന്ന് നടത്തിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. റിലയൻസിനെ നിശ്ചയിച്ചത് ദസോൾട്ടാണെന്ന വിശദീകരണവുമായി ഫ്രഞ്ച് സർക്കാരും കമ്പനിയും രംഗത്തും വന്നു.

ഭൂകമ്പം ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി റഫാൽ ആരോപണവുമായി ആദ്യം രംഗത്ത് വന്നപ്പോൾ അവകാശപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രം ഇടപാടിൽ ആദ്യമായി കുലുങ്ങിയത് ഇന്നലെയാണ്. റിലയൻസിനെ പങ്കാളിയാക്കാൻ ഇന്ത്യയാണ് നിർദ്ദേശിച്ചതെന്ന മുൻ ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ വെളിപ്പെടുത്തൽ നേരിടുന്നത് സംബന്ധിച്ച് തിരക്കിട്ട കൂടിയാലോചനകൾ ദില്ലിയിൽ തുടരുന്നു. ഈ മാസം ഫ്രഞ്ച് പ്രതിരോധമന്ത്രാലയവുമായി നടത്താനിരുന്ന ചർച്ചകൾ മന്ത്രി നിർമ്മലാ സീതാരാമൻ റദ്ദാക്കി.

ഫ്രഞ്ച് സർക്കാരും ദസോൾട്ട് കമ്പനിയും ഒലാങ്ങിന്‍റെ പ്രസ്താവനയോട് പ്രതികരിച്ചു. സർക്കാരിന് അനിൽ അംബാനിയെ പങ്കാളിയാക്കിയതിൽ പങ്കില്ലെന്ന് ഫ്രാൻസ് പറയുന്നു. കമ്പനി സ്വയം ചർച്ച നടത്തി എടുത്ത തീരുമാനമെന്ന് ദസോൾട്ട് വിശദീകരിച്ചു. കൈനറ്റികും മഹീന്ദ്രയും ഉൾപ്പടെ മറ്റു കമ്പനികളുമായും കരാർ ഒപ്പു വച്ചെന്നും നൂറ് ഇന്ത്യൻ കമ്പനികളുമായെങ്കിലും ചർച്ചകൾ നടക്കുകയാണെന്നും ദസോൾടിൻറെ പ്രസ്താവനയിൽ പറയുന്നു. എന്നാൽ അനിൽ അംബാനിയുടെ കമ്പനിയെ ഇന്ത്യ നിർദ്ദേശിച്ചിരുന്നോ എന്ന കാര്യത്തിൽ രണ്ടു പ്രസ്താവനകളും മൗനം പാലിക്കുന്നു.

130000 കോടിയുടെ മിന്നലാക്രമണം ഇന്ത്യൻ പ്രതിരോധ സേനകൾക്കു മേൽ മോദി നടത്തിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. രക്തസാക്ഷികളെ മോദി അപമാനിച്ചു. ഇന്ത്യയുടെ ആത്മാവിനെ മോദി വഞ്ചിച്ചെന്നും രാഹുൽ ട്വീറ്റ് ചെയ്തു. കൂടുതൽ വെളിപ്പെടുത്തൽ വരുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നല്കി. തെരഞ്ഞെടുപ്പിൽ റഫാൽ മുഖ്യവിഷയമാക്കാൻ തയ്യാറെടുക്കുന്ന കോൺഗ്രസിന് വൻ ആയുധമാണ് മുൻ ഫ്രഞ്ച് പ്രസിഡൻറ് നല്കിയത്. ആരോപണം ഏറ്റെടുക്കാൻ മടിച്ചിരുന്ന മറ്റു പ്രതിപക്ഷ പാർട്ടികൾ നിലപാടു മാറ്റേണ്ടി വരുമെന്നും കോൺഗ്രസ് കരുതുന്നു.