രണ്ട് വ്യത്യസ്ഥ വാഹനാപകടത്തിൽ മരണപ്പെട്ട മൂന്ന് ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് ഒമ്പത് ലക്ഷം സൗദി റിയാൽ നഷ്ടപരിഹാരം

13

റിയാദ്. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഏതാനും വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ രണ്ട് വ്യത്യസ്ഥ വാഹനാപകടത്തിൽ മരണപ്പെട്ട മൂന്ന് ഇന്ത്യക്കാരുടെ കുടുംബത്തിന് ഒമ്പത് ലക്ഷം സൗദി റിയാൽ നഷ്ടപരിഹാരം ലഭിച്ചു. രണ്ടു മലയാളികളും ഒരു ബിഹാർ സ്വദേശിയുമാണ് മരണപ്പെട്ടിരുന്നത്. അവരുടെ അനന്തരാവകാശികൾക്കാണ് ഏകദേശം 1.6 കോടി രൂപ സൗദി ശരീഅ കോടതി വിധിയിലൂടെ ലഭ്യമായിട്ടുള്ളത്.

2013 ജനുവരി 22 കിഴക്കൻ പ്രവിശ്യയായ അൽ ഖഫ്ജിയിലെ സഫാനിയയിലുണ്ടായ വാഹനാപകടത്തിൽ നെടുമങ്ങാട് വാളിക്കോട് സ്വദേശി പള്ളിവിളക്കകത്ത് ഫിറോസ് ഖാൻ ബദറുദ്ദീൻ മരണപ്പെട്ടിരുന്നു. സഫാനിയയിൽ നിന്നും ഹഫർ ബാത്തനിലേക്കുള്ള വൺവേ റോഡിൽ ഫിറോസ് ഖാൻ ഓടിച്ചിരുന്ന വാഹനം ദിശതെറ്റി വന്ന മറ്റൊരു ട്രെയിലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കടുത്ത മൂടൽ മഞ്ഞ് കാരണം റോഡ് കാണുന്നില്ലായിരുന്നു അദ്ദേഹം രണ്ട് മാസം മുമ്പ് പുതിയ വിസയിൽ എത്തിയതായിരുന്നു. പരേതത് 43 വയസ്സായിരുന്നു. മൃതദേഹം ഇവിടെ മറവ് ചെയ്തിരുന്നു. അന്ന് കുടുംബംഗങ്ങൾ നഷ്ട പരിഹാരത്തിന് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ലായിരുന്നു.

2015 ഫെബ്രുവരി 23 ന് റിയാദ് ശഖ് റ റോഡിൽ ഹുറൈമലക്കടുത്ത് വച്ചുണ്ടായ വാഹനാപകത്തിൽ ഒരു സ്ത്രി ഉൾപ്പെടെ 4 മലയാളികളും വാഹനം ഓടിച്ചിരുന്ന ബിഹാർ സ്വദേശിയും മരണപ്പെട്ടിരുന്നു. ആ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്ന കൊല്ലം നിലമേൽ കരുന്തലക്കോട് സ്വദേശി സാജിത മൻസിൽ ഷെരിഫ് സെയ്ത് മുഹമ്മദ്,ദർബംഗ ലഹേറിയയിലെ സറായ് സത്താർ ഖാൻ മൊഹല്ല സ്വദേശി റൗണക് ഹയാത്ത് മുഹമ്മദ് ഷൗക്കത്ത് എന്നിവരുടെ കുടുംബാംഗങ്ങൾക്കാണ് ഇപ്പോൾ നഷ്ടപരിഹാരം ലഭ്യമായത്. അന്ന് ഷെരീഫിന് 45 വയസ്സും റൗണക്കിന് 35 വയസ്സുമായിരുന്നു. ഷെരിഫ് ശഖ്റയിൽ റെഡിമെയ്ഡ് വസ്ത്ര വ്യാപാരം നടത്തുകയായിരുന്നു. അൽ ഹസ്സ ഓട്ടോമാറ്റിക് ബേക്കറി ജീവനക്കാരനായിരുന്ന റൗണക് ഹയാത്തിന്റെ വാഹനത്തിൽ റിയാദിൽ പോയി വരികയായിരുന്നു. നാട്ടിൽ നിന്നും അവധി കഴിഞ്ഞ് വന്ന ഗുരുവായൂർ ചൊവ്വല്ലൂർ സ്വദേശി അബ്ദുൾ സലീമിനെ എയർപ്പോർട്ടിൽ നിന്നും കൊണ്ടുവരാൻ വേണ്ടി സുഹൃത്തുക്കൾ പോയി തിരിച്ച് വരുമ്പോൾ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. വാഹനത്തിലുണ്ടായിരുന്ന കൊല്ലം കടപ്പാക്കട സ്വദേശി മുഹമ്മദ് ഹനീഫയും ഭാര്യയുമുൾപ്പെടെ അഞ്ചു പേരും മരണപ്പെട്ടിരുന്നു. എല്ലാവരുടെയും മൃതദേഹങ്ങൾ ശഖ് റയിൽ മറവു് ചെയ്തിരുന്നു.

ഫിറോസ് ഖാൻ ,ഷെരീഫ്, റൗണക് എന്നിവരുടെ കുടുംബാംഗങ്ങൾ നഷ്ടപരിഹാരം ലഭ്യമാകാത്തതിനെ തുടർന്ന് എട്ടു മാസം മുമ്പ് റിയാദിലെ ന്യൂ ഏജ് ഇന്ത്യാ സംസക്കാരിക വേദിയുടെ ജീവകാരുണ്യ പ്രവർത്തകൻ എം. സാലി പൊറായിയുമായി ബന്ധപ്പെടുകയായിരുന്നു. സ്വദേശി വക്കിലിന്റെ സഹായത്തോടെ എം. സാലി ഇവർക്ക് അനുകൂലമായ വിധി നേടിയെടുക്കുകയായിരുന്നു.