രണ്ടില വീണ്ടും പിളരുമോ ? കേരളാ കോൺഗ്രസ് ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം

70

കോട്ടയം: 1960 കളുടെ ആദ്യ പാദത്തില്‍ കേരള രാഷ്ട്രീയം കലങ്ങി മറിഞ്ഞതോടെയാണ് കേരള കോണ്‍ഗ്രസ് പിറവികൊണ്ടത്. പി സി ചാക്കോയുടെ പീച്ചി വിവാദത്തില്‍ തുടങ്ങി രാജിയിലും മരണത്തിലുമെത്തിയ സംഭവവികാസങ്ങളാണ് കോണ്‍ഗ്രസില്‍ നിന്ന് കെ എം ജോര്‍ജിന്‍റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസെന്ന പാര്‍ട്ടിയുടെ പിറവിയിലേക്ക് നയിച്ചത്.

രാഷ്ട്രീയ കേരളത്തെ ത്രസിപ്പിച്ച് കോട്ടയത്തെ തിരുനക്കര മൈതാനിയിൽ വെച്ച് മന്നത്ത് പത്മനാഭൻ പതാക ഉയര്‍ത്തിയതുമുതല്‍ പിളര്‍പ്പിലൂടെ വളരുന്ന ചരിത്രമാണ് കേരള കോണ്‍ഗ്രസിനുള്ളത്. 1964 മുതല്‍ ഇന്നോളമുള്ള കേരള കോണ്‍ഗ്രസിന്‍റെ ചരിത്രം പത്ത് പിളര്‍പ്പുകളുടെ കൂടിയാണ്. കോട്ടയത്തെ സ്ഥാനാര്‍ഥിയെ ചൊല്ലി പി ജെ ജോസഫ് ഉയര്‍ത്തിവിട്ട കലാപം പുതിയ പിളര്‍പ്പിന്‍റെ രാഷ്ട്രീയത്തില്‍ അവസാനിക്കുമോ അതോ ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോലെ കെട്ടടങ്ങുമോയെന്ന് കണ്ടറിയണം.

1964 ഒക്ടോബ‍ർ 9 ന് കേരള കോൺഗ്രസ് രൂപീകരിച്ചതിന് ശേഷം ഇതുവരെ പിളർന്നത് പത്തുവട്ടം

1977 ആദ്യം പുറത്തുപോയത് ആർ ബാലകൃഷ്ണ പിള്ള. കേരള കോൺഗ്രസ് ബി രൂപീകരിച്ചു

1979 രണ്ടാം പിളർപ്പ്. പി ജെ ജോസഫുമായി തെറ്റി പിരിഞ്ഞ കെ എം മാണി കേരള കോൺഗ്രസ് എം രൂപീകരിച്ചു. മാണി യുഡിഎഫിലും ജോസഫ് എൽഡിഎഫിലും എത്തി.

1982 മൂന്ന് വിഭാഗങ്ങളും യുഡിഎഫിന്‍റെ ഭാഗമായി

1985 പിള്ളയും മാണിയും ജോസഫും ലയിച്ചു, നാല് മന്ത്രിമാരും 25 എംഎൽഎമാരുമായി യുഡിഎഫില്‍

1989 അസ്വാരസ്യങ്ങൾക്ക് ഒടുവിൽ മൂന്നാം പിളർപ്പ്. പി ജെ ജോസഫ് എൽഡിഎഫിൽ, പിള്ളയും മാണിയും യുഡിഎഫിൽ

1993 മാണിയുമായി തെറ്റിപിരിഞ്ഞ ടി എം ജേക്കബ് പുതിയ പാർട്ടിയുണ്ടാക്കി. നാലാം പിളർപ്പിൽ ജേക്കബ് ഗ്രൂപ്പ് പിറന്നു.

1996 അഞ്ചാമത്തെ പിളർപ്പ്. ഇക്കുറി കേരള കോൺഗ്രസ് ബി പിളർന്നു. ജോസഫ് എം പുതുശ്ശേരി പുറത്തെത്തി, പിന്നീട് മാണി ഗ്രൂപ്പിന്‍റെ ഭാഗമായി

2001 മാണിയുമായി തെറ്റിപിരിഞ്ഞ് പി സി തോമസ് പുതിയ പാർട്ടിയുണ്ടാക്കി. ഐ എഫ് ഡി പി 2004 ൽ എന്‍ ഡി എക്കൊപ്പം കൂടി, ഇതാണ് ആറാമത്തെ പിളർപ്പ്

2004 എന്‍ ഡി എ മുന്നണിയുടെ ഭാഗമായി മത്സരിച്ച പി സി തോമസ് മാണിയുടെ മകന്‍ ജോസ് കെ മാണിയെ തോൽപിച്ചു

2003 അടുത്ത പിളർപ്പ് ജോസഫ് ഗ്രൂപ്പിലായിരുന്നു. ഏഴാമത്തെ പിളർപ്പിൽ പി സി ജോർജ് കേരള കോൺഗ്രസ് സെക്യുലർ രൂപീകരിച്ചു

പിന്നീടുള്ള വർഷങ്ങളിൽ പിളർന്നവരെല്ലാം ലയിക്കുന്ന കാഴ്ചയുടെ രാഷ്ട്രീയ കേരളത്തില്‍ ദൃശ്യമായി

2005 പി സി തോമസ് ജോസഫ് ഗ്രൂപ്പിൽ ലയിച്ച് ഇടതുമുന്നണിയിൽ എത്തി

2007 കെ എം മാണി – ബാലകൃഷ്ണ പിള്ള- പി സി ജോർജ് ലയനശ്രമം. പക്ഷേ വിജയിച്ചില്ല

2009 പി സി ജോർജിന്‍റെ കേരള കോൺഗ്രസ് സെക്യുലർ മാണിക്കൊപ്പം എത്തി

2010 ജോസഫ് – മാണി ലയനം. എല്‍ഡിഎഫ് വിട്ട് ജോസഫ് യുഡിഎഫിന്‍റെ ഭാഗമായി

2010 ജേക്കബ് ഗ്രൂപ്പും കേരള കോൺഗ്രസിൽ ലയിച്ചു.

വീണ്ടും പിളര്‍പ്പ് കാലം

2015 വീണ്ടും പിളർന്നു. ബാർ കോഴ വിഷയത്തിൽ മാണിയോട് പിണങ്ങി പി സി ജോർജ് വിട്ടുപോയി, സെക്യുലർ പുനരുജ്ജീവിപ്പിച്ചു. അങ്ങനെ എട്ടാമത്തെ പിളർപ്പും പൂർത്തിയായി

2016 ഒമ്പതാമതും പിളർന്നു. മാണി ഗ്രൂപ്പ് പിളർത്തി ഫ്രാൻസിസ് ജോർജ് എൽഡിഎഫിലെത്തി

2016 കേരള കോൺഗ്രസും പിളർന്നു. പി സി തോമസ് എൻഡിഎയിൽ, സുരേന്ദ്രൻ പിള്ള യുഡിഎഫിലും. അങ്ങനെ പത്താമത്തെ പിളർപ്പും പൂര്‍ത്തിയായി