രണ്ടാം ക്ലാസുകാരിയെ ചട്ടുകം കൊണ്ട് പൊള്ളിച്ച സംഭവം പുറത്തെത്തിച്ച അധ്യാപികയെ സ്‌കൂള്‍ അധികൃതര്‍ പുറത്താക്കി

227

കൊല്ലത്ത് രണ്ടാം ക്ലാസുകാരിയെ രണ്ടാനമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ച സംഭവം പുറത്തറിയിച്ചതിന്റെ പേരില്‍ താത്കാലിക അദ്ധ്യാപികയെ പുറത്താക്കി സ്‌കൂളധികൃതര്‍. സ്‌കൂളിന്റെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്ന് ആരോപിച്ചാണ് നടപടി. അതേസമയം, തീരുമാനം പുനപരിശോധിക്കണമെന്ന നിലപാടിലാണ് പിടിഎ. താത്കാലിക അധ്യാപികയെ പുറത്താക്കിയ സംഭവത്തെകുറിച്ച്‌ അന്വേഷിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി.

കൊല്ലം തഴവ എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസുകാരിക്ക് രണ്ടാനമ്മയില്‍ നിന്ന് ക്രൂരപീഡനമേറ്റ വാര്‍ത്ത പുറത്ത് വന്നത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. സ്‌കൂളിലെ താത്കാലിക അദ്ധ്യാപികയായ രാജി മുന്‍കയ്യെടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞതും പൊലീസ് നടപടിയെടുത്തതും. സോഷ്യല്‍ മീഡിയയില്‍ വരെ വന്‍ പ്രചാരം കിട്ടിയ വാര്‍ത്ത സ്‌കൂളിന്റെ സല്‍പേര് കളഞ്ഞെന്നാണ് അധികൃതരുടെ വാദം. കഴിഞ്ഞ ദിവസം ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ടീച്ചര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ടു. ഇതെ തുടര്‍ന്നാണ് ടീച്ചറെ പുറത്താക്കാനുള്ള തീരുമാനം. സ്‌കൂളിലെ ചില അധ്യപകര്‍ പറഞ്ഞത് കൊണ്ടാണ് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതെന്ന് അധ്യപിക പറഞ്ഞു

പിടിഎയാണ് രാജിയെ താത്കാലിക അധ്യാപികയായി നിയമിച്ചത്. തീരുമാനം പുനപരിശോധിക്കണമെന്ന നിലപാടാണ് പിടിഎക്കുള്ളത്. പൊള്ളലേറ്റ പെണ്‍കുട്ടിയെ ചികിത്സയ്ക്ക് ശേഷം കൊല്ലത്തെ മഹിളാമന്ദിരത്തിലേക്ക് മാറ്റി. പെണ്‍കുട്ടിയെ പരുക്കേല്‍പ്പിച്ച രണ്ടാനമ്മയും അച്ഛനും റിമാന്റിലാണ്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങാനും പൊലീസിന് ആലോചനയുണ്ട്.