യു.ഡി.എഫിന്റെ ഉറപ്പും മാണി ലംഘിച്ചു; പി. ജെ ജോസഫ് റിബലായി മത്സരിച്ചേക്കും

118

കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴികാടനെ ചെയര്‍മാന്‍ കെ.എം മാണി പ്രഖ്യാപിച്ച സാഹചര്യത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ പി. ജെ ജോസഫ് റിബലായി മത്സരിച്ചേക്കും. ഏറ്റമാനൂര്‍ മുന്‍ എംഎല്‍എയാണ് തോമസ് ചാഴികാടന്‍. കോട്ടയത്ത് മത്സരിക്കാന്‍ താത്പര്യമുണ്ടെന്നും അറിയിച്ച് പി.ജെ ജോസഫ് പരസ്യമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷവും രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസ് നേതാക്കളായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഡല്‍ഹിയിലാണ്. ഇവര്‍ വന്ന ശേഷമായിരിക്കും പി. ജെ തീരുമാനം പ്രഖ്യാപിക്കുക. യുഡിഎഫില്‍ നിന്നും സ്ഥാനാര്‍ത്ഥിയാക്കുമെന്ന് ഉറപ്പ് പി. ജെ ജോസഫിന് ലഭിച്ചിരുന്നതാണ്. കെ എം മാണിയും ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് പറഞ്ഞിരുന്നതായിട്ടാണ് വിവരം. അവസാനം തന്ത്രപരമായി മാണി നിലപാട് മാറ്റുകയായിരുന്നു.

കെ. എം മാണി പിന്തുണയ്ക്കാത്ത പക്ഷം റിബലായി മത്സരിക്കുന്നതിനാണ് പി ജെ ജോസഫിന്റെ നീക്കം.

കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പാര്‍ട്ടിക്ക് ഒരു കേന്ദ്ര മന്ത്രി സ്ഥാനം കിട്ടിയേക്കും. ഈ സ്ഥാനത്തിലേക്ക് രാജ്യസഭാ എംപിയും മകനുമായ ജോസ് കെ മാണിക്ക് ബദല്‍ പാടില്ലെന്നാണ് കെ എം മാണിയുടെ ആഗ്രഹം.