യതീഷ് ചന്ദ്രയടക്കം ശബരിമലയില്‍ ഒന്നാം ഘട്ട സേവനം ചെയ്തവര്‍ക്ക് ഡിജിപിയുടെ ബഹുമതി പത്രം

94

ശബരിമല ഒന്നാം ഘട്ടത്തിൽ ജോലി ചെയ്ത ഉദ്യോഗസ്ഥർക്ക് ഡിജിപി ബഹുമതി പത്രം നൽകും.ഐജിമാരായ വിജയ് സാക്കറെ, മനോജ് എബ്രഹാം, എസ്പിമാരായ ശിവ വിക്രം, പ്രതീഷ് കുമാർ, യതീഷ് ചന്ദ്ര, ഹരിശങ്കർ, ടി.നാരയണൻ തുടങ്ങി ശബരിമലയിലും, പമ്പയിലും, നിലയ്ക്കലും ജോലി ചെയ്ത ഉദ്യോഗസ്ഥർക്കാണ് ബഹുമതി നൽകും.

അയ്യായിരത്തോളം പൊലീസുകാരാണ് ആദ്യഘട്ടത്തില്‍ നിലക്കല്‍ മുതല്‍ സന്നിധാനം വരെ ജോലിക്കെത്തിയത്. ഇതില്‍ പ്രധാന ചുമതലകള്‍ വഹിച്ച ഉദ്യോഗസ്ഥരാണ് ഐജി മനോജ് എബ്രഹാം, വിജയ് സാഖറെ തുടങ്ങിയവര്‍. ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ഉദ്യോഗസ്ഥന്‍ യതീഷ് ചന്ദ്രയടക്കമുള്ള ഉദഗ്യോഗസ്ഥര്‍ക്കാണ് ഡിജിപി ബഹുമതി പത്രം നല്‍കുന്നത്.

നേരത്തെ സംഘപരിവാര്‍ നേതാവ്  കെപി ശശികലയെ തടഞ്ഞതും കേന്ദ്രമന്ത്രിയോട് മോശമായി പെരുമാറിയതുമടക്കം നിരവധി ആരോപണങ്ങളാണ് യതീഷ് ചന്ദ്രക്കെതിരെ ഉയര്‍ന്നത്. പ്രത്യേക ഡ്യൂട്ടി കഴിഞ്ഞ് പോകുന്നതിന് രണ്ട് ദിവസം മുമ്പ് ഹൈക്കോടതി സിറ്റിങ് ജഡ്ജിയെ തടഞ്ഞ് പരിശോധന നടത്തിയതിനും യതീഷ് ചന്ദ്ര പഴി കേട്ടിരുന്നു.

പിന്നാലെ ഉദ്യോഗസ്ഥനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ശബരിമലയില്‍ അറസ്റ്റടക്കമുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരില്‍ ഒരാളാണ് പ്രതീഷ് കുമാര്‍. മനോജ് എബ്രഹാമിനെ ശബരിമലയില്‍ നിയോഗിച്ചതിനെതിരെ നേരത്തെ ബിജെപിയും രംഗത്തെത്തിയിരുന്നു. ഏറെ പ്രതിസന്ധികള്‍ക്കിടയിലാണ് ശബരിമലയിലെ ആദ്യഘട്ട സേവനം ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കിയത്.